ധാക്ക > ബംഗ്ലാദേശിലെ വിദ്യാർഥി പ്രതിഷേധത്തിനിടയാക്കിയ തൊഴിൽ സംവരണം എടുത്തു കളഞ്ഞ് സുപ്രീംകോടതി. സർക്കാർ ജോലികളിൽ 93 ശതമാനവും മെറിറ്റ് അധിഷ്ഠിതമായിരിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കൾക്ക് അഞ്ച് ശതമാനവും മറ്റ് വിഭാഗങ്ങൾക്ക് രണ്ട് ശതമാനവും സംവരണം ഏർപ്പെടുത്തും.
കടുത്ത തൊഴിലില്ലായ്മ നേരിടുന്ന രാജ്യത്ത് നിലവിൽ സർക്കാർ ജോലികളിൽ 56 ശതമാനവും വിവിധ സംവരണ വിഭാഗത്തിനാണ്. ഇതിൽ, സ്വാതന്ത്ര്യത്തിനായുള്ള 1971ലെ വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻഗാമികൾക്ക് മാത്രമായുള്ള 30 ശതമാനം സംവരണം പിൻവലിക്കണമെന്നാണ് യുവജനങ്ങളുടെ ദീർഘകാല ആവശ്യം. ഇത് അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി സർക്കാർ തീരുമാനം പുനസ്ഥാപിച്ചതോടെ ജൂലൈ ഒന്നിനാണ് വിദ്യാർഥികളും യുവാക്കളും പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധം വൻ സംഘർഷത്തിലേക്ക് നീങ്ങി. ഇതുവരെ 114 പേരാണ് സംഘർഷത്തിൽ മരിച്ചതെന്നാണ് വിവരം. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 300 ഓളം പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിൽ രാജ്യവ്യാപക നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ധാക്കയിലടക്കം സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. നിയമം ലംഘിക്കുന്നവർക്കെതിരെ ഷൂട്ട് ഓൺ സൈറ്റ് ഓർഡർ പുറപ്പെടുവിച്ചു. ഇന്റർനെറ്റ് റദ്ദാക്കിയിട്ടുമുണ്ട്. കലാപം ഇളക്കിവിട്ടെന്ന് ആരോപിച്ച് 70ലധികം പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും നിരവധി വിദ്യാർഥി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംവരണം റദ്ദാക്കിയ സുപ്രീംകോടതി നീക്കം വിദ്യാർഥി സംഘടനകൾ സ്വാഗതം ചെയ്തേക്കും. എന്നാൽ ഇത് പ്രതിഷേധം അവസാനിപ്പിക്കുമോ എന്ന് വ്യക്തമല്ല. വിദ്യാർഥി സമരത്തോടുള്ള പൊലീസിന്റെ അക്രമാസക്തമായ പ്രതികരണം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും അവാമി ലീഗ് സർക്കാരിനുമെതിരായ പ്രക്ഷോഭത്തിന് കാരണമായിട്ടുണ്ട്. അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ പൊലീസ് അക്രമമാണ് 114 പേരുടെ മരണത്തിനിടയാക്കിയതെന്നും പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും ആണ് സമരക്കാർ ആവശ്യപ്പെടുന്നത്.
അതിനിടെ ബംഗ്ലാദേശിലുള്ള ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നത് തുടരുകയാണ്. 4,000 വിദ്യാർഥികൾ ഇപ്പോഴും ബംഗ്ലാദേശിൽ തുടരുകയാണെന്നാണ് വിവരം. ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം വിദ്യാർഥികളും. ഇവരെ തിരികെ എത്തിക്കുന്നതിനും സഹായമൊരുക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.