ഡൽഹി ക്യാപിറ്റൽസിൽ നിന്ന് ഇന്ത്യൻ താരം ഋഷഭ് പന്ത് ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാനായ പന്ത് ടീമിൽ തുടരുമെന്നാണ് ടീം വൃത്തങ്ങള്‍ അറിയിക്കുന്നത്.
പന്ത് ഡിസിയിൽ തുടരുമെന്നും, കഴിഞ്ഞ സീസണുകളിൽ ടീമിനൊപ്പമുണ്ടായിരുന്ന അക്‌സർ പട്ടേലിനും കുൽദീപ് യാദവിനുമൊപ്പം പന്തിനെയും നിലനിർത്താൻ തയ്യാറെടുക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയുടെ ക്യാപ്റ്റൻ കൂടിയായ പന്ത് മെഗാ താരലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി വിടാൻ സാധ്യതയുണ്ടെന്നാണ് ശനിയാഴ്ച രാവിലെ മുതൽ വാർത്തകൾ പുറത്തുവന്നത്.
അഞ്ച് തവണ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക്, എംഎസ് ധോണിയുടെ പകരക്കാരനായി താരം എത്തുമെന്നായിരുന്നു വാർത്തകൾ. വിക്കറ്റ് കീപ്പർ കൂടിയായതിനാൽ പന്തിനെ ടീമിലെത്തിക്കാൻ ചെന്നൈ ശ്രമിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.
2016 ലാണ് ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിൽ എത്തുന്നത്. 111 മത്സരങ്ങളിൽ നിന്ന് 3284 റൺസ് താരം ടീമിനായി നേടി. ഒരു സെഞ്ചുറിയും 18 അർദ്ധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. 2021, 2022, 2024 വർഷങ്ങളിൽ ടീമിൻ്റെ നായകനായി പന്തിന് നിയോഗം ലഭിച്ചു. അതേ സമയം, ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൽ നിന്ന് കെ.എൽ.രാഹുൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ എത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.