ബംഗളൂരു > ഷിരൂരിലെ ദേശീയപാതയില് മണ്ണിടിച്ചിലില് കുടുങ്ങിയ ലോറി ഡ്രൈവര് അര്ജുനെ കണ്ടെത്താന് സൈന്യം ഇന്നെത്തും. കര്ണാടക സര്ക്കാര് ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി ക്യാമ്പില് നിന്നുളള 40 പേരടങ്ങുന്ന സൈനികസംഘമാണ് രക്ഷാദൗത്യത്തിനിറങ്ങുന്നത്. തിരച്ചിലിന്റെ ആറാം ദിവസമാണിന്ന്.
രാവിലെ 11ഓടെ സൈന്യം എത്തുമെന്നാണ് വിവരം. തുടര്ന്ന് രക്ഷാപ്രവര്ത്തനം ഏറ്റെടുക്കും. അതേസമയം, തിരച്ചിലിന് ഐഎസ്ആര്ഒയുടെ സഹായവും തേടിയിട്ടുണ്ട്. അപകടസമയത്തെ ഉപഗ്രഹ ചിത്രങ്ങൾ ഐഎസ്ആർഒ ലഭ്യമാക്കും. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര് താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം ശനിയാഴ്ച റഡാറില് പതിഞ്ഞിരുന്നു.
റഡാറിൽ ലോഹഭാഗം തെളിഞ്ഞ സ്ഥലത്തെ മണ്ണ് നീക്കിയുള്ള പരിശോധനയാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. ലോറി ലൊക്കേറ്റ് ചെയ്താല് അടുത്തേക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് രക്ഷാപ്രവര്ത്തന മേഖലയില് പ്രവര്ത്തിക്കുന്ന രഞ്ജിത്ത് ഇസ്രായേല് പറഞ്ഞു. ഇപ്പോള് തിരച്ചില് നടത്തുന്ന ഭാഗത്ത് അര്ജുന് ഓടിച്ചിരുന്ന ലോറി ഉണ്ടാവാന് 70% സാധ്യതയുണ്ടെന്നാണ് നിഗമനം.