തിരുവനന്തപുരം
കഴിഞ്ഞദിവസം മൈക്രോസോഫ്റ്റിനുണ്ടായ തകരാർ ലോകത്തെയാകെ നിശ്ചലമാക്കിയപ്പോൾ കേരളത്തെ കാര്യമായി ബാധിച്ചില്ല. സ്വതന്ത്ര സോഫ്റ്റ്വെയർ ആയ ഉബുണ്ടുവിലേക്ക് മാറിയതിനാൽ സർക്കാർ സംവിധാനങ്ങളെ ബാധിച്ചതേയില്ല. സംസ്ഥാന സർക്കാരിന്റെ ഡാറ്റാ സെന്ററും സുരക്ഷാ സോഫ്റ്റ്വെയറിനും മൈക്രോസോഫ്റ്റുമായി ബന്ധമില്ല. അതിനാൽ പ്രശ്നങ്ങളുമുണ്ടായില്ല.
2007ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് കേരളം സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറാൻ തുടങ്ങിയത്. സർക്കാർ രൂപം നൽകിയ ഐടി നയം സ്വതന്ത്ര സോഫ്റ്റ്വെയറിനെ പിന്തുണയ്ക്കുന്നു. ഐടി അറ്റ് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂൾ തലത്തിലാണ് സ്വതന്ത്ര സോഫ്റ്റ്വെയറായ ഉബുണ്ടു ആദ്യമായി ഉപയോഗിക്കുന്നതെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ അൻവർ സാദത്ത് പറഞ്ഞു.
2008ലെ എസ്എസ്എൽസി ഐടി പരീക്ഷ പൂർണമായും ഉബുണ്ടുവിലായിരുന്നു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും സ്വതന്ത്ര സോഫ്റ്റ്വെയറിലാണ്. ഇതിലേക്ക് വൈറസ് കടക്കില്ല. അതിനാൽ ഇ–- ഓഫീസ്, ഇ–- ട്രഷറി സംവിധാനത്തെ മൈക്രോസോഫ്റ്റ് നിശ്ചലമായത് ബാധിച്ചുമില്ല. കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട പലയിടത്തും സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറിയിട്ടില്ല.