കംപ്യൂട്ടർ ശൃംഖലകളിലോ സോഫ്റ്റ്വെയറിലോ ഉണ്ടാകുന്ന ചെറിയ തകരാർ പോലും ലോകമെമ്പാടും വലിയ പ്രത്യാഘാതം ഉണ്ടാക്കും. അതുകൊണ്ടാണ് ഈ സംവിധാനത്തെ ഹാക്കർമാരും ശത്രുരാജ്യങ്ങളും ആക്രമിക്കുന്നതും. സോഫ്റ്റ്വെയർ ബഗുകളും പ്രവർത്തനത്തെ ബാധിക്കാറുണ്ട്. അതുകൊണ്ടാണ് സർക്കാരുകളും വൻകിട സ്ഥാപനങ്ങളുമൊക്കെ കംപ്യൂട്ടർ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്നത്. ഹാക്കർമാരെ അകറ്റിനിർത്തുന്നതിനും ബഗ് ഒഴിവാക്കുന്നതിനും സോഫ്റ്റ്വെയർ കാലാകാലം പരിഷ്കരിക്കേണ്ടതുണ്ട്. ഇതിനായി സെക്യൂരിറ്റി അപ്ഡേറ്റുകളും പാച്ചും കമ്പനികൾ നിർമിക്കാറുണ്ട്. ഇവ ഓട്ടോ അപ്ഡേറ്റ് സംവിധാനത്തിലൂടെയാണ് പലപ്പോഴും പ്രാവർത്തികമാക്കുന്നത്. അതുകൊണ്ട് വേണ്ടത്ര പരിശോധനയോ നിരീക്ഷണമോ നടക്കില്ല.
ഇപ്പോൾ മൈക്രോസോഫ്റ്റ് വിൻഡോസ് ലോക വ്യാപകമായി തകർന്നത് ക്രൗഡ് സ്ട്രൈക്ക് എന്ന എൻഡ് പോയിന്റ് സെക്യൂരിറ്റി സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തപ്പോഴാണെന്നാണ് റിപ്പോർട്ട്. ഇത് നിർമിച്ച കമ്പനി വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെ അപ്ഡേറ്റ് കംപ്യൂട്ടറിലേക്ക് കയറ്റി വിട്ടു. പ്രൊപ്രൈറ്ററി സോഫ്റ്റ്വെയർ നിർമിക്കുന്ന പല കമ്പനികളും കൃത്യമായ ടെസ്റ്റിങ് നടത്താതെ ഇത്തരം അപ്ഡേറ്റ് ചെയ്യാറുണ്ട്. നിലവിലുള്ള ബഗുകളെ മറക്കുന്നതിനും മറ്റ് അടിയന്തര സാഹചര്യം നേരിടുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്.
ഇത്തരം പ്രശ്നം ഉണ്ടാകാതിരിക്കാൻ സർക്കാർ സംവിധാനങ്ങളിൽ പൂർണമായും സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. സ്വതന്ത്ര സോഫ്റ്റ്വെയറുകളിലും അപ്ഡേറ്റുകൾ ഉണ്ടാകാറുണ്ട്. എന്നാൽ, വ്യാപകമായ ഓഡിറ്റിങ്ങും നിരീക്ഷണവും കഴിഞ്ഞ് മാത്രമേ ഇത് നടക്കൂ. പ്രചാരത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്വെയറുകൾ മിക്കതിനും വലിയ ഒരു കമ്യൂണിറ്റിയുടെ കൈത്താങ്ങ് ഉണ്ടാകും. അതിനാൽ ഏതെങ്കിലും രീതിയിലുള്ള തകരാർ വന്നാൽ പെട്ടെന്ന് കമ്യൂണിറ്റി അത് കണ്ടുപിടിക്കുന്നതിന് സാധ്യത കൂടുതലാണ്. ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകൾ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ തന്നെ ആയിരിക്കണം.
ഇത് തിരിച്ചറിഞ്ഞ് സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറിയതുകൊണ്ടാണ് സംസ്ഥാനത്തെ സർക്കാർ സംവിധാനങ്ങളെ ഇത് ബാധിക്കാത്തത്. ഇത്തരം ഒരു മാറ്റം കൊണ്ടുവരാൻ ഇടതുപക്ഷ സർക്കാർ കാട്ടിയ രാഷ്ട്രീയ ഇച്ഛാശക്തിയെ നന്ദിയോടെ സ്മരിക്കണം
(ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സൊല്യൂഷൻസ് (ICFOSS) ഡയറക്ടറാണ് ലേഖകൻ)