അങ്കോള
ഷിരൂർ ദുരന്തത്തിൽ കർണാടക സർക്കാരിന്റെ നിസംഗതയും വീഴ്ചയും ദേശീയ മാധ്യമങ്ങളടക്കം തുറന്നുകാണിച്ചതോടെ തിരച്ചിൽ വിവരങ്ങൾ പുറത്തറിയിക്കാതിരിക്കാൻ ശ്രമം. ഇതിന്റെ ഭാഗമായി അപകടസാധ്യതയുണ്ടെന്ന് പറഞ്ഞ് ശനി ഉച്ചമുതൽ മാധ്യമങ്ങളെ അഞ്ച് കിലോമീറ്റർ അകലെ അങ്കോള ഭാഗത്തേക്ക് മാറ്റി. തിരച്ചിൽ ഇഴയുകയാണെന്ന് ബോധ്യപ്പെട്ട ലോറി ഉടമ മനാഫ് മാധ്യമങ്ങളുടെ അടുത്തെത്തി കാര്യങ്ങൾ പറയാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. ഇത് നേരിയ സംഘർഷത്തിന് ഇടയാക്കി.
രക്ഷാപ്രവർത്തകനെയും തടഞ്ഞു
തെരച്ചിൽ ഊർജിതമാക്കാൻ ലോറിയുടമ മനാഫ് എത്തിച്ച രക്ഷാപ്രവർത്തകൻ തിരുവനന്തപുരം സ്വദേശി രഞ്ജിത്ത് ഇസ്രയേലിനെയും പൊലീസ് തടഞ്ഞു. തുടർന്ന് കേരളാ പൊലീസ് ഉത്തര കന്നഡ കലക്ടറെ ബന്ധപ്പെട്ടാണ് രഞ്ജിത്തിനെ സ്ഥലത്തേക്ക് കടത്തി വിട്ടത്. ഉത്തരാഖണ്ഡിലും പെട്ടിമുടിയിലും തെരച്ചിലിനിറങ്ങിയ സന്നദ്ധ രക്ഷാസംഘത്തിൽപ്പെട്ടയാളാണ് രഞ്ജിത്ത്.
നീരൊഴുക്കും മണ്ണിടിച്ചിലും പ്രശ്നം: എൻഐടി സംഘം
അങ്കോള
വരണ്ട പ്രദേശങ്ങളിലെ ഭൂമിക്കടിയിലെ പൈപ്പും മറ്റും കണ്ടെത്തുന്ന റഡാർ സംവിധാനമാണ് തങ്ങൾക്കുള്ളതെന്ന് സുറത്ത്കൽ എൻഐടിയിൽ നിന്നും എത്തിയ വിദഗ്ദസംഘം പറഞ്ഞു. ഷിരൂരിലെ മണ്ണിടിഞ്ഞ സ്ഥലത്ത് നീരൊഴുക്ക് തുടരുകയാണ്. തട്ടുതട്ടായ സ്ഥലത്ത് ഉന്തുവണ്ടി പോലെ ഉരുട്ടിയാണ് റഡാർ സിസ്റ്റം മണ്ണിനടിയിലെ സിഗ്നൽ പിടിക്കേണ്ടത്. ചെങ്കുത്തായ ചളി പ്രദേശമായതിനാൽ അതിന് സാധിക്കുന്നില്ല. എങ്കിലും രണ്ടിടത്തുനിന്നും ലോഹസമാനമായ വസ്തുക്കളുടെ രൂപം പതിഞ്ഞിട്ടുണ്ട്. ചിലപ്പോൾ അത് കല്ലുമാകാം. കൂടുതൽ മണ്ണ് നീക്കിയ ശേഷമേ വ്യക്തത ഉണ്ടാകൂവെന്നും റഡാർ ഓപ്പറേറ്റർ പറഞ്ഞു.