മലപ്പുറം> മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ 14 കാരനാണ് നിപ സ്ഥിരീകരിച്ചത്.
നിയന്ത്രണങ്ങൾ
● പൊതുജനങ്ങൾ കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കണം.
● പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റ് കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്ക് ധരിക്കണം.
● സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ എന്നിവർ സ്കൂൾ പ്രവൃത്തിസമയങ്ങളിൽ മാസ്ക് ധരിക്കണം.
● കല്യാണം/ മരണം/മറ്റ് ആഘോഷങ്ങൾ എന്നിവയിൽ കൂടിച്ചേരലുകൾ പരമാവധി കുറയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയുംചെയ്യണം.
● പനി പോലുള്ള രോഗലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിത്സിക്കാതെ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടണം.
● പക്ഷികൾ, വവ്വാലുകൾ, മറ്റ് ജീവികൾ കടിച്ചതോ ഫലവൃക്ഷങ്ങളിൽനിന്ന് താഴെ വീണതോ ആയ പഴങ്ങൾ കഴിക്കാൻ പാടില്ല. പഴം, പച്ചക്കറി എന്നിവ നന്നായി കഴുകി ഉപയോഗിക്കുക.
പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ
● സ്കൂളുകൾ, കോളേജുകൾ, മദ്രസകൾ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവ പ്രവർത്തിക്കരുത്.
● വ്യാപാരസ്ഥാപനങ്ങൾ രാവിലെ 10മുതൽ വൈകിട്ട് അഞ്ചുവരെമാത്രമേ പ്രവർത്തിക്കാവൂ. മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ബാധകമല്ല.
● സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കരുത്.
● പൊതുജനങ്ങൾ കൂട്ടംകൂടാൻ പാടില്ല.