ന്യൂഡൽഹി: ‘സബ്കാ സാത് സബ്കാ വികാസ്’ മുദ്രാവാക്യത്തെച്ചൊല്ലി പശ്ചിമ ബംഗാൾ ബിജെപിയിൽ തർക്കം. പ്രതിപക്ഷനേതാവു കൂടിയായ സുവേന്ദു അധികാരിയുടെ പ്രസ്താവനകൾക്ക് ബിജെപി ന്യൂനപക്ഷ മോർച ദേശീയ അദ്ധ്യക്ഷൻ ജമാൽ സിദ്ധിഖി മറുപടിയുമായി രംഗത്തെത്തി. ഇതോടെ തർക്കം പരസ്യമായി എല്ലാവരുടെയും മുന്നിലേക്കും എത്തി.
‘സബ്കാ സാത് സബ്കാ വികാസ്’ (എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം) എന്ന മുദ്രാവാക്യം ‘ജോ ഹമാരെ സാത്, ഹം ഉൻകേ സാത്’ (ആരോണോ ഞങ്ങളോടൊപ്പമുള്ളത്, ഞങ്ങൾ അവരോടൊപ്പം) എന്ന് മാറ്റണമെന്ന് അധികാരി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പരസ്യ പ്രതികരണവുമായി ജമാൽ സിദ്ധീഖി രംഗത്ത് എത്തി.
‘സബ്കാ സാത് സബ്കാ വികാസ്’ (എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം) ബിജെപിയുടെ ആത്മാവാണെന്നാണ് ജമാൽ സിദ്ധിഖി പ്രതികരിച്ചത്. ‘സുവേന്ദു അധികാരിയുടെ പ്രസ്താവന അദ്ദേഹം ആവേശം കൊണ്ട് പറഞ്ഞതാണ്. സുവേന്ദു ബിജെപിയിൽ പുതിയതാണ്. അദ്ദേഹം കാര്യങ്ങൾ പഠിച്ചുവരുന്നതേയുള്ളു.’ എന്നായിരുന്നു മറുപടി.
ന്യൂനപക്ഷ മോർച്ചതന്നെ അനാവശ്യമാണെന്ന് സുവേന്ദു അധികാരി പറഞ്ഞു വെച്ചിരുന്നു. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നേരിട്ട് തന്നെ അഭിപ്രായ പ്രകടനം നടത്തി. ഇക്കാര്യം കൂടി മുൻനിർത്തിയാണ് ജമാൽ സിദ്ധിഖി പ്രതികരണത്തിന് മൂർച്ച കൂട്ടിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ബംഗാളിൽ കനത്ത പരാജയം നേരിട്ടതോടെയാണ് സംഘടനയ്ക്കുള്ളിൽ തന്നെ അസ്വാരസ്യങ്ങൾ തലപൊക്കിയത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിലാണ് മോദി ‘സബ്കാ സാത് സബ്കാ വികാസ്’ മുദ്രാവാക്യം കൊണ്ടുവരുന്നത്.