ന്യൂഡൽഹി > പരീക്ഷാകേന്ദ്രങ്ങളുടെ അടിസ്ഥാനത്തിൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) യുടെ ഫലം പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ). സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ് പരീക്ഷാ കേന്ദ്രങ്ങളുടെയും നഗരങ്ങളുടെയും അടിസ്ഥാനത്തിൽ ഫലം പ്രസിദ്ധീകരിച്ചത്. എൻടിഎ വെബ് സൈറ്റിലാണ് ഫലം അപ് ലോഡ് ചെയ്തത്.
ചോദ്യപേപ്പർ ചോർച്ചയടക്കം നീറ്റ് യുജിയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് വിദ്യാർഥികൾ രാജ്യമൊട്ടാകെ പ്രതിഷേധിച്ചിരുന്നു. പരീക്ഷ ഫലം റദ്ദാക്കണമെന്നും പുനഃപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർഥികൾ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. വിദ്യാർഥികൾ നൽകിയ നാൽപ്പതോളം ഹർജികൾ വ്യാഴാഴ്ച പരിഗണിച്ച സുപ്രീംകോടതി നഗരാടിസ്ഥാനത്തിൽ ഫലം വീണ്ടും പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഫലം പ്രസിദ്ധീകരിക്കുമ്പോൾ വിദ്യാർഥികളുടെ വിവരങ്ങൾ ഒഴിവാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് വിവരങ്ങൾ മറച്ചിട്ടുണ്ട്. വെള്ളിയാഴ്ച അഞ്ചിനകം ഫലം പ്രസിദ്ധീകരിക്കാനാണ് കോടതി ആദ്യം നിർദേശിച്ചത്. എന്നാൽ എൻടിഎ ആവശ്യപ്പെട്ടത് അനുസരിച്ച് സമയം നീട്ടി നൽകുകയായിരുന്നു. നീറ്റുമായി ബന്ധപ്പെട്ട ഹർജികൾ ഇനി 22ന് പരിഗണിക്കും.
നീറ്റ് യുജി പരീക്ഷയുടെ വിശ്വാസ്യത നഷ്ടമായെന്ന് തെളിഞ്ഞാലേ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂ എന്ന് സുപ്രീംകോടതി ഹർജികൾ പരിഗണിച്ച് പറഞ്ഞിരുന്നു. ചോദ്യപേപ്പർ ചോർച്ച ഉൾപ്പടെയുള്ള ക്രമക്കേടിന് പിന്നിൽ സംവിധാനത്തിന്റെ മൊത്തം വീഴ്ച്ചയുണ്ട്. 23 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷ വീണ്ടും നടത്താൻ ഉത്തരവിട്ടാൽ സാമൂഹ്യമായ പ്രത്യാഘാതം ഉണ്ടാകും. പരീക്ഷ തുടങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് മാത്രമാണ് ചോദ്യപേപ്പർ ചോർന്നതെന്ന കേന്ദ്രസർക്കാരിന്റെയും എൻടിഎയുടെയും അവകാശവാദം വിശ്വസനീയമല്ല. ചോദ്യപേപ്പർ ചോർത്തി. ഉത്തരങ്ങൾ വിദ്യാർഥികൾക്ക് കൈമാറി. ആ ഉത്തരങ്ങൾ എല്ലാം മനഃപാഠമാക്കി. ഇത്രയും കാര്യം 45 മിനിറ്റിനുള്ളിൽ സംഭവിച്ചുവെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും കോടതി വിലയിരുത്തി.