ന്യൂഡൽഹി
കേരളത്തിൽ എല്ലാവർക്കും ദിവസവും മൂന്നുനേരം ഭക്ഷണം ലഭ്യമാകുമ്പോൾ ഗുജറാത്തിൽ അത് 31 ശതമാനം പേർക്ക് മാത്രം. ആളോഹരി വരുമാന പട്ടികയിൽ ഇന്ത്യ 138–-ാം സ്ഥാനത്താണെന്ന് വെളിപ്പെടുത്തിയ ഐഎംഎഫ് റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ റിപ്പോർട്ടിലെ വിവരങ്ങളെ വീടുകളിലെ ഉപഭോക്തൃചെലവ് കണക്കുകളുടെ അടിസ്ഥാനത്തിൽ ഒരു മാധ്യമസ്ഥാപനം നടത്തിയ വിശകലനത്തിലാണ് ഈ വസ്തുത വെളിപ്പെട്ടത്. കേന്ദ്രത്തിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെയും കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെയും നയസമീപനങ്ങളിലെ മാറ്റമാണ് പ്രകടമാകുന്നത്. കേന്ദ്രസർക്കാർ വൻകിട കോർപ്പറേറ്റുകളുടെ താൽപ്പര്യസംരക്ഷകരാകുമ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ക്ഷേമനടപടികളിലൂടെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെകൂടി സാമൂഹ്യസുരക്ഷ ഉറപ്പാക്കുകയാണ്. മൂന്നു നേരം ഭക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിലുള്ള ഗുജറാത്ത് മാത്രമല്ല മോശം നിലയിലുള്ള മറ്റ് സംസ്ഥാനങ്ങളും ബിജെപി ഭരണത്തിലുള്ളവയാണ്. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രേദേശ്, യുപി എന്നീ സംസ്ഥാനങ്ങളാണവ.
ഓരോ രാജ്യത്തെയും ജീവിതനിലവാരവും ദാരിദ്ര്യവും ക്ഷേമവുമെല്ലാം എത്രയെന്ന് വ്യക്തമാക്കുന്നതാണ് ഐഎംഎഫിന്റെ ആളോഹരി വരുമാന പട്ടിക. ഇന്ത്യയുടെ ശരാശരി ആളോഹരി വരുമാനം 2730 ഡോളറാണ് (ഏകദേശം 2.28 ലക്ഷം രൂപ). ഒന്നാം സ്ഥാനത്തുള്ള ലക്സംബർഗിലെ ശരാശരി ആളോഹരി വരുമാനം 1.31 ലക്ഷം ഡോളറാണ് (ഏകദേശം ഒരു കോടിയിലേറെ രൂപ).
ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാൻ പോലും 4010 ഡോളർ ആളോഹരി വരുമാനവുമായി പട്ടികയിൽ ഇന്ത്യക്ക് മുന്നിലാണ്. പല ആഫ്രിക്കൻ രാജ്യങ്ങളും ആളോഹരി വരുമാനത്തിൽ ഇന്ത്യക്ക് മുന്നിലുണ്ട്. അൾജീരിയ–- 5720, ടുണീഷ്യ–- 4440, മൊറോക്കോ–- 4080, ജിബൂട്ടി–- 4180, ഗാബോൺ–- 9310, ഇക്വറ്റോറിയൽ ഗിനിയ–- 6730. ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായിരുന്ന ലിബിയയുടെ ആളോഹരി വരുമാനം 6980 ഡോളറാണ്. ഇന്ത്യയുടെ മൂന്നിരട്ടിയോളം.