റാഞ്ചി> സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യാവർധന ജീവന്മരണപ്രശ്നമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമിലെ മുസ്ലീം ജനസംഖ്യ 40 ശതമാനം എത്തിയത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വിവാദപരാമർശം.
‘1951 ൽ അസമിലെ മുസ്ലീം ജനസംഖ്യ 12 ശതമാനമായിരുന്നു. ഇന്ന് അത് 40 ശതമാനത്തിലെത്തി. ഞങ്ങൾക്ക് നിരവധി ജില്ലകൾ നഷ്ടപ്പെട്ടു. ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല, മറിച്ച് നിലനിൽപ്പിൻറെ പ്രശ്നമാണ്’ – ഹിമന്ത പറഞ്ഞു. ജാർഖണ്ഡിൻറെ തെരഞ്ഞെടുപ്പ് ചുമതലയുള്ള അദ്ദേഹം റാഞ്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ഹിമന്തയ്ക്ക് ഓർമശക്തി നഷ്ടപ്പെട്ടു എന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പരിഹസിച്ചു. ‘തെരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ മേഖലകളിൽ പാട്ടുപാടി നൃത്തം ചെയ്ത ഹിമന്തയ്ക്ക് അന്ന് മുസ്ലീം ജനസംഖ്യാവർധന ജീവൻമരണപ്രശ്നമായിരുന്നില്ല. അന്ന് അദ്ദേഹത്തിന് വോട്ടുകളായിരുന്നു ആവശ്യം’ ഗൗരവ് പറഞ്ഞു.
ആദ്യമായല്ല ഹിമന്ത മുസ്ലീങ്ങൾക്കെതിരെ രംഗത്തുവരുന്നത്. അസമിലെ മുസ്ലീങ്ങളുടെ സാമ്പത്തിക അസമത്വത്തിനും ദാരിദ്ര്യത്തിനും കാരണം ജനസംഖ്യാവർധനവാണെന്ന് അദ്ദേഹം പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളിൽ ജനസംഖ്യാനിയന്ത്രണത്തെക്കുറിച്ച് അവബോധം നൽകുകയും ഗർഭനിരോധന ഉറകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.