മുംബൈ> മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് കനത്ത തിരിച്ചടിയായി നാല് നേതാക്കളും നിരവധി പ്രവർത്തകരും പാർടിവിട്ട് ശരദ് പവാർ പക്ഷത്തേക്ക് മടങ്ങി. അജിത്പവാർ എൻസിപി പിംപിരി- ചിഞ്ച് വാഡ് ജില്ലാ അദ്ധ്യക്ഷൻ അജിത് ഗാവനെ, വിദ്യാർഥി വിഭാഗം നേതാവ് യഷ് സനെ, മുൻ കൗൺസിലർമാരായ രാഹുൽ ഭോസ്ലെ, പങ്കജ് ഭലേക്കർ എന്നിവരാണ് രാജിവച്ചത്.
പാർടിയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നവരൊഴികെയുള്ളവരെ സ്വാഗതം ചെയ്യുന്നതായി ശരദ് പവാർ പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ അജിത് പവാർ വിഭാഗം ഒരു സീറ്റിലേക്ക് കൂപ്പുകുത്തുകയും ഇന്ത്യ സഖ്യം മികച്ച വിജയം നേടുകയും ചെയ്തതോടെയാണ് ശരദ് പവാറിനൊപ്പം മടങ്ങാൻ നേതാക്കൾ ശ്രമം തുടങ്ങിയത്. നിരവധി എംഎൽഎമാർ ശരദ് പവാറുമായി ആശയവിനിമയം നടത്തുന്നുണ്ട്.
മറാത്ത സംവരണ വിഷയം സംസാരിക്കാനെന്ന് അവകാശപ്പെട്ട് കഴിഞ്ഞദിവസം മുതിർന്ന നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബാൽ ശരദ് പവാറിനെ കണ്ടിരുന്നു. അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ ചൊവ്വാഴ്ച പൂണെ മോദിബാഗിലെ പവാറിന്റെ വസതിയിലെത്തിയതും ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.