ന്യൂഡല്‍ഹി> എഡ്യു ടെക് ഭീമനായ ബൈജൂസിനെതിരെ പാപ്പരത്വ നടപടികള്‍ ആവശ്യപ്പെട്ട് ബിസിസിഐ സമര്‍പ്പിച്ച ഹര്‍ജി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന് (എന്‍സിഎല്‍ടി) ബെംഗളൂരു ബെഞ്ച് അംഗീകരിച്ചു.ബൈജുവിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ 160 കോടി രൂപ കുടിശിക വരുത്തിയതിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബിസിസിഐ എന്‍സിഎല്‍ടിയുടെ ബെംഗളൂരു ബെഞ്ചില്‍ അപേക്ഷ നല്‍കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജെഴ്സിയുടെ സ്പോണ്‍സര്‍ഷിപ്പ് അവകാശവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ പ്രകാരം 158 കോടി രൂപ നല്‍കാത്തതിന്റെ പേരില്‍ ബൈജുവിനെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിക്കണമെന്ന് ഇന്ത്യയിലെ പ്രൊഫണല്‍ ക്രിക്കറ്റ് നിയന്ത്രിക്കുന്ന ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.നവംബര്‍ 15നാണ് പാപ്പരത്വ ട്രൈബ്യൂണല്‍ കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തത്. ബെംഗളൂരു എന്‍സിഎല്‍ടിയില്‍ സമര്‍പ്പിച്ച പാപ്പരത്വ പ്രശ്നം പരിഹരിക്കാന്‍ ബിസിസിഐയുമായി ചര്‍ച്ച നടത്തുകയാണെന്ന് എഡ്യു -ടെക് സ്ഥാപനം അറിയിച്ചു.
ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പരിശോധന നടത്താന്‍ 2023 ജൂലൈയില്‍ കോര്‍പറേറ്റ് അഫാരിസ് മന്ത്രാലയം ഹൈദരാബാദിലെ റീജിയണല്‍ ഡയറക്ടറുടെ ഓഫിസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ജൂണില്‍, കമ്പനി നിയമപ്രകാരം ബൈജൂസിനെതിരെ ആരംഭിച്ച നടപടികള്‍ ഇപ്പോഴും തുടരുകയാണെന്നും ഇക്കാര്യത്തില്‍ അന്തിമ നിഗമത്തിലെത്താന്‍ കഴിയില്ലെന്നും എംസിഎ(മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയേഴ്സ്) പറഞ്ഞിരുന്നു.