പട്ന > വികാസ്ശീൽ ഇൻസാഫ് പാർടി (വിഐപി) നേതാവും ബിഹാർ മുൻ മന്ത്രിയുമായിരുന്ന മുകേഷ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്നിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബിഹാറിലെ ദർഭംഗയിലുള്ള വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വികൃതമാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
വീട്ടിൽ ജിതൻ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നുപേരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സീനിയർ പൊലീസ് ഓഫീസർ ജഗന്നാഥ റെഡ്ഡി പറഞ്ഞു. മോഷണശ്രമത്തിനിടെയോ ബോധപൂർവമോ ആകാം കൊല നടത്തിതെന്നാണ് പൊലീസ് ഭാഷ്യം.
വിഷയത്തിൽ മുഖ്യമന്ത്രി നിതീഷിനും സർക്കാരിനുമെതിരെ ആർജെഡി രംഗത്തെത്തി.