നോയിഡ > നൈനിറ്റാൾ ബാങ്ക് ലിമിറ്റഡിന്റെ സെർവർ ഹാക്ക് ചെയ്ത് സൈബർ തട്ടിപ്പുകാർ കവർന്നത് 16.71 കോടി രൂപ. ബാങ്കിന്റെ നോയിഡ ശാഖയിലെ സെർവറുകൾ ഹാക്ക് ചെയ്ത് 84 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ബാലൻസ് ഷീറ്റ് പരിശോധനയിലാണ് ബാങ്കിന്റെ ഐടി മാനേജർ സുമിത് ശ്രീവാസ്തവ പല അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത വിവരം അറിഞ്ഞഞ്ഞത്.
ജൂൺ 16നും 20നും ഇടയിൽ ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്) ചാനലിൽ നുഴഞ്ഞുകയറിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പണം ട്രാൻസ്ഫർ ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സംവിധാനമാണ് ആർടിജിഎസ്. വ്യത്യസ്ത ബാങ്കുകളിലുള്ള അക്കൗണ്ടുകളിലേയ്ക്ക് പണമിടപാട് ഈ സംവിധാനത്തിലൂടെ സാധ്യമാണ്.
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് അക്കൗണ്ടിൽ 3,60,94,020 രൂപയുടെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ശ്രീവാസ്തവ ജൂലൈ 10 ന് നോയിഡ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണത്തിനായി ഒരു സംഘത്തെ രൂപീകരിച്ചതായി സൈബർ ക്രൈം എസിപി വിവേക് രഞ്ജൻ റായ് പറഞ്ഞു.