മയാമി
കളത്തിൽനിന്ന് മാലാഖ മറയുന്നു. രാജ്യാന്തര ഫുട്ബോളിൽ ഗോളടിക്കുംമാലാഖയായി നിറഞ്ഞ ഏഞ്ചൽ ഡി മരിയ വിരമിക്കൽ പ്രഖ്യാപിച്ചു. കോപ അമേരിക്കയോടെ ദേശീയകുപ്പായത്തിൽ കളി അവസാനിപ്പിക്കുമെന്ന് അർജന്റീനയുടെ സൂപ്പർതാരം പ്രഖ്യാപിച്ചിരുന്നു. ഫൈനലിൽ അവസാന നിമിഷംവരെ പന്തുതട്ടിയാണ് മുപ്പത്താറുകാരന്റെ മടക്കം. അധികസമയത്തേക്ക് നീണ്ട ഫൈനലിൽ 117–-ാംമിനിറ്റിലാണ് 11–-ാംനമ്പർ കുപ്പായക്കാരൻ കളം വിട്ടത്. ഈ കോപയിൽ ഗോളടിച്ചില്ല.
പാർശ്വങ്ങളിലൂടെയുള്ള കുതിപ്പും ക്രോസും ഡി മരിയയുടെ സവിശേഷതയായിരുന്നു. തക്കംപാർത്തിരുന്ന് ഗോളടിക്കാനും കേമൻ. പാസിലെ കൃത്യതയ്ക്കൊപ്പം കളിയിൽ സാങ്കേതിക മികവുമുണ്ടായിരുന്നു. അർജന്റീനയിലെ റൊസാരിയോയിൽനിന്നാണ് വരവ്. ലോകകപ്പ് അടക്കമുള്ള വലിയ ടൂർണമെന്റുകളിലെ നിർണായക മത്സരങ്ങളിൽ ഗോളടിക്കാനുള്ള പ്രത്യേക കഴിവുണ്ടായിരുന്നു. നാല് ലോകകപ്പ് (2022, 2018, 2014, 2010) കളിച്ച താരമാണ്. 2014ലും 2022ലും ഫൈനൽ കളിച്ചു. നാല് കോപയിലും ഡി മരിയ നിറഞ്ഞു. 2021ൽ മാറക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെ തോൽപ്പിച്ച് കോപ നേടുമ്പോൾ ഡി മരിയയാണ് ഗോളടിച്ചത്. ലയണൽ മെസിക്കൊപ്പം ലോകകപ്പും കോപയും ഏറ്റുവാങ്ങി. 2008 ബീജിങ് ഒളിമ്പിക്സിൽ സ്വർണം നേടിയ ടീമിൽ അംഗമായിരുന്നു. 2007 അണ്ടർ 20 ലോകകപ്പും നേടി.
അർജന്റീനയ്ക്കായി 2008ൽ അരങ്ങേറി. 16 വർഷം നീണ്ട കളിജീവിതത്തിൽ വിങ്ങറായും അറ്റാക്കിങ് മിഡ്ഫീൽഡറായും ശോഭിച്ചു. 145 മത്സരങ്ങളിലായി 31 ഗോളടിച്ചു. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്കായി കളി തുടരും. പിഎസ്ജി, റയൽ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ വമ്പൻ ക്ലബ്ബുകൾക്കായി കളിച്ചാണ് ഒരിക്കൽക്കൂടി ബെൻഫിക്കയിലെത്തിയത്. ജീവിതസ്വപ്നം സഫലമായെന്നാണ് ഡി മരിയയുടെ പ്രതികരണം.‘ ഇതുപോലൊരു വിടവാങ്ങലാണ് ആഗ്രഹിച്ചത്. കിരീടം നേടി മടങ്ങുമ്പോൾ ഞാൻ സമ്പൂർണ തൃപ്തനാണ്. ഈ നേട്ടത്തിൽ ഒരുപാടുപേരോട് കടപ്പെട്ടിരിക്കുന്നു’.
പ്രതിരോധക്കാരൻ നിക്കൊളാസ് ഒട്ടമെൻഡിയും വിരമിക്കാൻ തീരുമാനിച്ചു. അർജന്റീനയ്ക്കായി 116 കളിയിൽ പ്രതിരോധത്തിന്റെ കാവൽക്കാരനായി. ആറ് ഗോളടിച്ചിട്ടുണ്ട്. മൂന്ന് ലോകകപ്പും ആറ് കോപയും കളിച്ചാണ് മുപ്പത്താറുകാരന്റെ മടക്കം.















