ഷിക്കാഗോ > തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ ട്രംപിനെ ആക്രമിച്ച ഇരുപതുകാരൻ തോമസ് മാത്യു ക്രൂക്ക്സും റിപ്പബ്ലിക്കൻ പാർടിക്കാരൻ. ജീവിച്ചിരുന്നെങ്കിൽ, നവംബർ അഞ്ചിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കുമായിരുന്നു ഇയാൾ. ബെഥേൽ പാർക്കിലെ നഴ്സിങ് ഹോമിൽ അടുക്കളജോലി ചെയ്ത് സമ്പാദിച്ചതിൽനിന്ന് റിപ്പബ്ലിക്കൻ പ്രചാരണത്തിനായി 15 ഡോളർ സംഭാവനയും നൽകിയിട്ടുണ്ട്. അച്ഛന്റെ എ ആർ 15 സെമി ഓട്ടോമാറ്റിക് റൈഫിളുമായി ക്രൂക്ക് 35 മൈൽ കാറോടിച്ചുവന്ന് അദ്ദേഹത്തിന്റെതന്നെ സ്ഥാനാർഥിയെ കൊല്ലാൻ ശ്രമിച്ചത് എന്തിനെന്നത് ലോകോത്തര ഏജൻസികളെന്ന് അവകാശപ്പെടുന്ന അമേരിക്കൻ സീക്രട്ട് സർവീസിനെയും എഫ്ബിഐഎയും കുഴയ്ക്കുന്നു. ആക്രമണത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ബട്ട്ലറിൽത്തന്നെ നിർത്തിയിട്ടിരുന്ന ക്രൂക്കിന്റെ കാറിൽനിന്ന് കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. അതിനിടെ, ട്രംപിനും റിപ്പബ്ലിക്കൻ പാർടിക്കും താൻ എതിരാണെന്ന് ക്രൂക്ക് പറയുന്നതായ വീഡിയോയും പ്രചരിച്ചു.
തോക്കുനിയന്ത്രണം എതിർത്തതും റിപ്പബ്ലിക്കന്മാർ
ട്രംപിനുനേരെയുണ്ടായ വെടിവയ്പ് പ്രത്യക്ഷത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമൊക്രാറ്റുകൾക്ക് തിരിച്ചടിയാകുമെങ്കിലും, തോക്കുപയോഗം നിയന്ത്രിക്കുന്നതിനെ നിരന്തരം എതിർക്കുന്ന റിപ്പബ്ലിക്കൻ നയത്തിന്റെതന്നെ അനന്തരഫലമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. തോക്കുകൾ കൈവശം വയ്ക്കുന്നതിലും ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഡെമോക്രാറ്റുകൾ വാദിക്കുമ്പോൾ, അത് വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് റിപ്പബ്ലിക്കന്മാർ തിരിച്ചടിക്കുന്നു.