കാലവർഷം സജീവമായി. കടുത്ത വേനലിൽ മെലിഞ്ഞ് നൂലുപോലെ ഒഴുകിയിരുന്ന വെള്ളച്ചാട്ടങ്ങൾ മൺസൂണിൽ പഞ്ഞിക്കെട്ടുപോലെ താഴേക്ക് നിലം പതിക്കുന്ന മോഹന കാഴ്‌ച. ഒഴുകാൻ മറന്ന പുഴ ശക്തിയോടെ കുത്തിപ്പാഞ്ഞ് ഒഴുകുന്ന നാളുകൾ. വർണനകൾക്കപ്പുറം കാഴ്‌ചകളുമായി പ്രകൃതി സഞ്ചാരികളെ ക്ഷണിക്കുകയാണ്. മഴ ശക്തിയായാൽ അപകടങ്ങളും വർധിക്കും. മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി മൺസൂൺ വിനോദസഞ്ചാര യാത്രികർക്ക് നവ്യാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ടൂറിസംകേന്ദ്രങ്ങൾ.
പാലക്കാട് > സാഹസികയാത്ര നടത്തി മലമുകളിലെത്തിയാൽ സഞ്ചാരികളെ കാത്തിരിക്കുന്നത് മനോഹരമായ വെള്ളച്ചാട്ടമാണ്. പച്ചപ്പും നനഞ്ഞ മണ്ണിന്റെ ഗന്ധവും കാടിന്റെ ശീൽക്കാരങ്ങളും ഒന്നിച്ചനുഭവിക്കാം ധോണിയിൽ. ചെറുവെള്ളച്ചാട്ടം സുരക്ഷിതമായി കണ്ടു മടങ്ങാം. വനം വകുപ്പിന്റെ ധോണിയിലെ ബേസ് സ്റ്റേഷനിൽനിന്ന് നാലര കിലോമീറ്റർ ട്രക്കിങ് നടത്തിവേണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ. കുത്തനെയുള്ള കയറ്റവും ഇറക്കവും കോടയും മഴയും ട്രക്കിങ്ങിന് ആവേശം പകരും.
രാവിലെ 9.30നും പകൽ 1.30നുമാണ് പ്രവേശനം. ഒരാൾക്ക് 120 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടെ ഒരു ഗൈഡിന്റെ സേവനവും ലഭിക്കും. പശ്ചിമഘട്ട വനമേഖലയോട് ചേർന്ന മലമ്പുഴ ഉൾപ്പെടുന്ന ധോണി റിസർവ് വനത്തിനകത്താണ് വെള്ളച്ചാട്ടം. വന്യമൃഗങ്ങളുമുണ്ട്. കാട്ടാനകൾ കൂട്ടമായോ ഒറ്റ തിരിഞ്ഞോ മേയുന്നത് ചിലപ്പോൾ കാണാനായേക്കും. പ്രകോപിപ്പിക്കാതിരുന്നാൽ അവ വഴിമാറിപ്പോകും. കടുവകളും പുലികളും വിവിധ ഇനം പക്ഷികളും ചിത്രശലഭങ്ങളുമെല്ലാം ഈ വനത്തിലുണ്ട്. ഒരേസമയം ഭയവും അത്ഭുതവും കാടിനോടുള്ള അഭിനിവേശവും ഉണർത്തുന്ന ട്രക്കിങ്.
വെള്ളച്ചാട്ടത്തിന്റെ കയത്തിൽ ആഴം കൂടുതലായതിനാൽ കുളിക്കുന്നതിന് സന്ദർശകർക്ക് വിലക്കുണ്ട്. എന്നാൽ, വെള്ളച്ചാട്ടത്തിന്റെ മുകൾപരപ്പിൽ കയർകെട്ടി അതിരുനിശ്ചയിച്ചിട്ടുണ്ട്. ഇവിടെ മതിയാവോളം തണുപ്പിൽ മുങ്ങിക്കുളിക്കാം. വന്യമൃഗങ്ങൾ, സഞ്ചാരികൾക്ക് വഴി തെറ്റാനുള്ള സാധ്യത എന്നിവ മുൻനിർത്തിയാണ് ഗൈഡിന്റെ സേവനം വനംവകുപ്പ് ഏർപ്പെടുത്തിയത്. കൃത്യസമയത്ത് എത്താനായില്ലെങ്കിൽ അടുത്ത ട്രിപ്പിൽ മാത്രമേ പോകാനാകൂ. കഴിഞ്ഞ വർഷത്തെ മഴയിൽ ഇവിടെ നിരവധി സ്ഥലങ്ങളിൽ ഉരുൾപ്പൊട്ടിയപ്പോൾ ട്രക്കിങ് മാസങ്ങളോളം നിർത്തിയിരുന്നു.
വഴിനീളെ മണ്ണിടിഞ്ഞും പാറകൾ ഉരുണ്ടുവീണും കിടക്കുന്നതും കാണാം. ഒലവക്കോടുനിന്ന് ഒമ്പതു കിലോമീറ്ററും ടൗണിൽനിന്ന് പതിനഞ്ച് കിലോമീറ്ററുമാണ് ധോണിയിലേക്കുള്ള ദൂരം. പാലക്കാട് –-കോഴിക്കോട് ദേശീയപാതയിൽ താണാവ് ജങ്ഷനിൽനിന്ന് തിരിഞ്ഞു വേണം ധോണിയിലേക്ക് പോകാൻ. പാലക്കാടുനിന്ന് റെയിൽവേ കോളനി വഴി ഇടവിട്ട് ബസുണ്ട്. ജൂൺ മുതൽ ഒക്ടോബർ വരെയാണ് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുക.