ന്യൂഡൽഹി > സുപ്രീംകോടതി നിർദേശിച്ചതു പ്രകാരം ജമ്മു -കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തി പുതിയ സർക്കാർ ഭരണത്തിൽ വന്നാലും നിർണായക അധികാരങ്ങൾ കേന്ദ്ര സർക്കാരിൽത്തന്നെ തുടരും. ജമ്മു -കശ്മീർ പുനഃസംഘടനാ നിയമത്തിലെ 55–-ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ ഭരണനിർവഹണ ചട്ടങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് ജമ്മു -കശ്മീരിന്റെ നിർണായക അധികാരങ്ങൾ കേന്ദ്ര സർക്കാർ പിടിച്ചെടുത്തത്. പുതിയ ഭേദഗതി പ്രകാരം മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയുമെല്ലാം നിയമനം, സ്ഥലംമാറ്റം തുടങ്ങിയവ കേന്ദ്രത്തിന്റെ പ്രതിനിധിയായ ലെഫ്. ഗവർണറാകും തീരുമാനിക്കുക. അഡ്വക്കറ്റ് ജനറലിന്റെയും അദ്ദേഹത്തിന്റെ സഹായത്തിനായുള്ള മറ്റ് നിയമകാര്യ ഉദ്യോഗസ്ഥരുടെയും നിയമനങ്ങളും ലെഫ്. ഗവർണർ തീരുമാനിക്കും. ചുരുക്കത്തിൽ ജമ്മു -കശ്മീരിന് സംസ്ഥാന പദവി നൽകി നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയാലും ഭരണകാര്യങ്ങൾ തുടർന്നും തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരായിരിക്കും.
ജമ്മു -കശ്മീരിൽ സെപ്തംബറിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നേരത്തേ നിർദേശിച്ചിരുന്നു. 2018 മുതൽ ജമ്മു -കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരില്ല. 2019ലെ പുനഃസംഘടനാ നിയമത്തിലൂടെ ജമ്മു -കശ്മീരിനെ രണ്ടായി വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കി. അന്നുമുതൽ ലെഫ്. ഗവർണറാണ് ജമ്മു -കശ്മീരിലെ ഭരണത്തലവൻ.
പുതിയ ചട്ടഭേദഗതിക്കെതിരെ ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർടികൾ രൂക്ഷവിമർശവുമായി രംഗത്തുവന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പായി പൂർണമായ സംസ്ഥാനപദവി ജമ്മു -കശ്മീരിന് ഉറപ്പുവരുത്തണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പറഞ്ഞു. ഓരോ കാര്യത്തിനും ലെഫ്. ഗവർണറോട് ഇരക്കേണ്ട അധികാരമില്ലാത്ത ഒരു മുഖ്യമന്ത്രിയല്ല ജമ്മു കശ്മീരിന് വേണ്ടതെന്നും അബ്ദുള്ള പറഞ്ഞു.