2025ൽ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് റിപ്പോർട്ട്. പാകിസ്ഥാന് പകരം ശ്രീലങ്കയിലോ ദുബായിലോ മത്സരങ്ങൾ നടത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെടുമെന്ന്, ബിസിസിഐ വൃത്തങ്ങൾ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാനിൽ, അടുത്ത വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെയാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. 2008 ഏഷ്യാ കപ്പിന് ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യ പാകിസ്ഥാനിൽ നടന്ന ക്രിക്കറ്റ് ടൂർണമെൻ്റുകളിൽ പങ്കെടുത്തിട്ടില്ല. പാകിസ്ഥാന് പുറത്ത് നടന്നിട്ടുള്ള ഐസിസി ടൂർണമെൻ്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരുരാജ്യങ്ങളും ഇതിനുശേഷം ഏറ്റുമുട്ടിയത്.
നിലവിലെ സാഹചര്യത്തിൽ, ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഒരു നഗരത്തിൽ കളിക്കാൻ അവസരമൊരുക്കാമെന്ന്, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ബിസിസഐയെ അറിയിച്ചിരുന്നു. ലാഹോറാണ് പാക്കിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ അവതരിപ്പിച്ച നഗരമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇന്ത്യ ഇത് അംഗീകരിച്ചില്ല.
കേന്ദ്രസർക്കാർ അനുമതി ലഭ്യമായാൽ മാത്രമേ, ടൂർണമെൻ്റിനായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കൂ എന്ന് ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല അടുത്തിടെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം പാകിസ്ഥാൻ ആതിഥേയത്വം വഹിക്കാനിരുന്ന ഏഷ്യാ കപ്പിലും സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. എന്നാൽ പാകിസ്ഥാനെതിരായ മത്സരങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.
Read More
- യുറോകപ്പ് ഫൈനൽ പോരാട്ടം സ്‌പെയിനും ഇംഗ്ലണ്ടും തമ്മിൽ
- കോപ്പ അമേരിക്ക: കലാശപോരാട്ടം അർജന്റീനയും കൊളംബിയയും തമ്മിൽ
- ഉപനായകനായി സഞ്ജു ഇറങ്ങിയത് വെറുതെയായില്ല; സിംബാബ്‌വെയെ തകർത്ത് നീലപ്പട
- ഒടുവിൽ പ്രഖ്യാപനമെത്തി; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീർ
- ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് ബിസിസിഐയുടെ 125 കോടി; സഞ്ജു സാംസണ് കിട്ടുന്നത് എത്ര?