മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു. ബെംഗളൂരുവിലെ അപ്പാർട്ട്മെൻ്റിൻ്റെ നാലാം നിലയിലെ ബാൽക്കണിയിൽ നിന്നാണ് 52 കാരനായ ഡേവിഡ് താഴെ വീണ് മരണപ്പെട്ടത്. രാവിലെ 11.15-നാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വർഷമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഡേവിഡ്, കഴിഞ്ഞ ഒരാഴ്ചയോളമായി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മൂന്ന് ദിവസം മുൻപാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. വിഷാദം അടക്കമുള്ള രോഗങ്ങൾക്ക് ഡേവിഡ് ചികിത്സ തേടിയിരുന്നതായി കുടുംബം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഡേവിഡ് കുറച്ചുകാലമായി സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും, കുടുംബം സുഹൃത്തുക്കളുടെ സഹായം തേടിയിരുന്നുവെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
1996-ൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിലാണ് ഡേവിഡ് ജോൺസൺ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. തുടർന്ന് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടീമിനെ അനുഗമിക്കുകയും ഡർബനിൽ തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിക്കുകയും ചെയ്തു. കർണാടക ടീമിന് വേണ്ടിയുള്ള മികച്ച ആഭ്യന്തര പ്രകടനങ്ങളാണ് ഇന്ത്യൻ ടീമിലേക്കുള്ള അവസരം ഡേവിഡിന് തുറന്നു കൊടുത്തത്. രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ 152 റണ്‍സ് വഴങ്ങി 10 വിക്കറ്റെടുത്ത് ഗംഭീര പ്രകടനം ജോണ്‍സൻ കാഴ്ചവച്ചിരുന്നു.
2001-02 സീസൺ വരെ ജോൺസൺ കർണാടകയ്ക്ക് വേണ്ടി കളിച്ചു. 90-കളുടെ അവസാനത്തിൽ, ആഭ്യന്തര സർക്യൂട്ടിൽ കർണാടക ആധിപത്യം പുലർത്തുന്ന കാലത്ത്, ജവഗൽ ശ്രീനാഥ്, വെങ്കിടേഷ് പ്രസാദ്, ദൊഡ്ഡ ഗണേഷ് എന്നിവരടങ്ങിയ പേസ് നിരയുടെ ശക്തനായ പോരാളിയായിരുന്നു ജോൺസൺ.
ഡേവിഡിന്റെ പന്തുകൾക്ക് മികച്ച പേസുണ്ടായിരുന്നെങ്കിലും സ്ഥിരതയും നിയന്ത്രണവുമില്ലാതിരുന്നതാണ് അന്താരാഷ്ട്ര കരിയറിൽ തിരിച്ചടിയായിത്. രണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാതെ പുറത്താകുകയായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബംഗളൂരുവിൽ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പുകൾ നടത്തുകയായിരുന്നു. ചില പ്രശ്നങ്ങളെ തുടർന്ന് പരിശീലകനായും കരിയർ മുന്നോട്ട് കൊണ്ടുപോകാൻ ഡേവിഡിനായില്ല.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം