ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെ സ്ഥാനം ഉറപ്പിക്കാന്‍ ഇന്ത്യ ബുധനാഴ്ച ആതിഥേയരായ അമേരിക്കയുമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനേയും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനേയും തകര്‍ത്ത ഇന്ത്യയ്ക്ക് ബുധനാഴ്ച ജയിച്ചാല്‍ സൂപ്പര്‍ എട്ടിലെത്തുന്ന രണ്ടാമത്തെ ടീമാവാം. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കയാണ് സൂപ്പര്‍ എട്ട് ഉറപ്പിച്ച ആദ്യ ടീം.
അമേരിക്കക്കെതിരെ ഇറങ്ങുമ്പോള്‍ ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഓപ്പണിങ് റോളില്‍ വിരാട് കോഹ്ലിയും മധ്യനിരയില്‍ ശിവം ദുബെയും നിരാശപ്പെടുത്തിയിരുന്നു. നാളെ അമേരിക്കയ്ക്കെതിരെ മാറ്റങ്ങളോടെയാവും ഇന്ത്യ ഇറങ്ങുകയെന്നാണ് സൂചന.
യശസ്വി ജയ്സ്വാളിനെ ഓപ്പണറാക്കി വിരാട് കോഹ്ലിയെ മൂന്നാം നമ്പറില്‍ ഇറങ്ങുന്നതിനുള്ള സാധ്യകള്‍ ടീം മാനേജ്മെന്‍റ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ രണ്ട് മത്സരങ്ങളിലെ പരാജയം കൊണ്ട് കോലിയെ മാറ്റേണ്ട കാര്യമില്ലെന്ന വാദവും ശക്തമാണ്. കോഹ്ലി ഓപ്പണര്‍ സ്ഥാനത്ത് തുടര്‍ന്നാല്‍ യശസ്വി ജയ്സ്വാള്‍ ഒരിക്കല്‍ കൂടി പുറത്തിരിക്കേണ്ടിവരും.
കോഹ്ലി ഓപ്പണറായി തുടരുകയും മധ്യനിരയില്‍ ശിവം ദുബെക്ക് പകരം സ്പെഷലിസ്റ്റ് ബാറ്ററായി സഞ്ജു സാംസണ് അവസരം നല്‍കുകയും ചെയ്യുകയാണ് മുന്നിലുള്ള മറ്റൊരു സാധ്യത. ആദ്യ രണ്ട് കളികളിലും ഓള്‍ റൗണ്ടറായ ശിവം ദുബെ ഒരോവര്‍ പോലും പന്തെറിഞ്ഞിരുന്നില്ല. അതിനാല്‍ അഞ്ചാം നമ്പറില്‍ സഞ്ജുവിനെ സ്പെഷലിസ്റ്റ് ബാറ്ററായി കളിപ്പിക്കാനുള്ള സാധ്യതയുണ്ട്. സഞ്ജുവിനെ കളിപ്പിച്ചാല്‍ ബാറ്റിങ് ഓര്‍ഡറില്‍ വലിയ മാറ്റം വേണ്ടി വരില്ല. ആറാം നമ്പറില്‍ ഹാര്‍ദ്ദികും പിന്നാലെ ജഡേജയും അക്സറും ഇറങ്ങും.
ബൗളിങ് നിരയില്‍ കാര്യമായ പരീക്ഷണത്തിന് സാധ്യതയില്ല. ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ ബാറ്റിങ് നിരയ്ക്ക് കരുത്തുകൂട്ടാന്‍ അക്സര്‍ തുടരുമ്പോള്‍ കുല്‍ദീപും ചാഹലും പുറത്തിരിക്കും. പേസ് നിരയില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സഖ്യം തന്നെ തുടരാനാണ് സാധ്യത.
Read More Sports News Here
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി