അഹമ്മദാബാദ്: ബുധനാഴ്ചത്തെ എലിമിനേറ്റർ മത്സരം ഉൾപ്പെടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇനി ശേഷിക്കുന്നത് വെറും മൂന്നേ മൂന്ന് മത്സരങ്ങളാണ്. ആദ്യ ക്വാളിഫയർ മത്സരത്തിൽ ആധികാരിക ജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ കടന്നിട്ടുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം 13.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കൊൽക്കത്ത മറികടന്നത്. എട്ട് വിക്കറ്റിന്റെ ആധികാരിക ജയമാണ് അവർ നേടിയത്.
എന്നാൽ മലയാളി നായകൻ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് ഫൈനലിലെത്താൻ കഠിന പ്രയത്നം തന്നെ വേണ്ടി വരും. തുടരെ ആറ് മത്സരങ്ങൾ ജയിച്ചു ടൂർണമെന്റിൽ ഉജ്ജ്വല ഫോമിലുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് രാജസ്ഥാൻ്റെ എലിമിനേറ്റർ എതിരാളികൾ. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ജയമറിയാതെയാണ് സഞ്ജുവിന്റെ പിങ്ക് ആർമി അഹമ്മദാബാദിലെത്തുന്നത്.
ആർസിബി ഉയർത്തുന്ന വെല്ലുവിളികൾ
ആർസിബിയെ നേരിടുമ്പോൾ അവർക്ക് മറികടക്കേണ്ടതായി നിരവധി വെല്ലുവിളികളുണ്ട്. സീസണിലെ റൺവേട്ടക്കാരിൽ മുമ്പനായ വിരാട് കോഹ്ലിയെ പിടിച്ചുകെട്ടാനായാൽ രാജസ്ഥാന് പ്രതീക്ഷിക്കാൻ വകയുണ്ട്. ഡുപ്ലെസി-കോഹ്ലി ഓപ്പണിങ് സഖ്യത്തെ വേഗത്തിൽ മടക്കിയാലും, പിന്നീട് വരുന്ന രജത് പാട്ടിദാർ, ദിനേശ് കാർത്തിക്, ഗ്ലെൻ മാക്സ്വെൽ, കാമറൂൺ ഗ്രീൻ എന്നിവരെയെല്ലാം മടക്കാൻ ബുദ്ധിമുട്ടേണ്ടി വരും.
ഫോമിലേക്കുയർന്ന മുഹമ്മദ് സിറാജ്, യഷ് ദയാൽ, കരൺ ശർമ്മ, ലോക്കി ഫെർഗ്യൂസൺ എന്നീ ബോളർമാരെ നേരിടാൻ രാജസ്ഥാൻ വിയർക്കും. ലോക്കി ഫെർഗ്യൂസണും യഷ് ദയാലും ചേർന്ന് എറിയുന്ന ഡെത്ത് ഓവറിനെ നേരിടാൻ രാജസ്ഥാന്റെ ബാറ്റിങ് നിരയ്ക്ക് ശേഷിയുണ്ടോ എന്നതാണ് പ്രധാന ചോദ്യം.
ഇന്ന് ആര് ജയിച്ചാലും അടുത്ത എലിമിനേറ്റർ മത്സരത്തിൽ അവരെ കാത്ത് പാറ്റ് കമ്മിൻസ് നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഉണ്ട്. ഇന്നലെ കൊൽക്കത്തയോട് പതറിയെങ്കിലും അവരെ എഴുതിത്തള്ളാൻ വരട്ടെ. ഓപ്പണർമാരായ ട്രാവിസ് ഹെഡ്ഡും അഭിഷേക് ശർമ്മയും ക്ലിക്കായാൽ തീരുന്ന പ്രശ്നമേ അവർക്കുള്ളൂ. കൂട്ടിന് ക്ലാസനും ത്രിപാഠിയും കൂടി പൊട്ടിത്തെറിച്ചാൽ ചെന്നൈയിലെ ചെപ്പോക്കിൽ തീപ്പൊരി പാറും.
എന്താണ് ക്വാളിഫയറും എലിമിനേറ്ററും?
പോയിന്റ് നിലയിൽ ഒന്നാമതും രണ്ടാമതും എത്തുന്നവർ തമ്മിലാണ് ഒരു ക്വാളിഫയർ മത്സരം നടക്കാറുള്ളത്. ഇതിൽ തോൽക്കുന്ന ടീമിന് അടുത്തതായി ഒരു എലിമിനേറ്റർ മത്സരം കൂടി കളിക്കാൻ അവസരമുണ്ട്. ഇതിൽ തോറ്റാൽ പുറത്താകും. ജയിക്കുന്ന ടീം ഫൈനലിലെത്തും. അതേസമയം, മൂന്നും നാലും സ്ഥാനക്കാർക്ക് ആദ്യമെ തന്നെ എലിമിനേറ്റർ മത്സരമാണ് കളിക്കാനാകുക. ജയിക്കുന്ന ടീമിന് മറ്റൊരു എലിമിനേറ്റർ മത്സരം കൂടി കളിച്ച് ജയിച്ചാൽ ഫൈനലിലെത്താം.
Read More Sports News Here
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ