ചെന്നൈ സൂപ്പർ കിങ്സ് അവസാന ലീഗ് മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് തോറ്റാണ് പ്ലേ ഓഫ് കാണാതെ പുറത്തായത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിന് ശേഷം എം.എസ്. ധോണി തൻ്റെ ഫ്രാഞ്ചൈസിക്ക് വിരമിക്കലിൻ്റെ സൂചന നൽകിയിരുന്നില്ലെന്ന സൂചനയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ വെളിപ്പെടുത്തുന്നത്. ധോണിയുടെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങൾ നിലനിൽക്കെ, ഈ വിഷയത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
“ഡ്രസ്സിങ് റൂമിൽ അതേക്കുറിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ല. ഞങ്ങൾ ഒരിക്കലും ധോണിയോട് അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ചോദിച്ചിട്ടില്ല. അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം ഒരു തീരുമാനം എടുക്കുമ്പോൾ ഞങ്ങളെ അറിയിക്കും. അതുവരെ ഞങ്ങൾ ഇടപെടില്ല,” വിശ്വനാഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
അതേസമയം, പ്ലേ ഓഫിൽ കടക്കാതെ സിഎസ്‌കെ പുറത്തായതിന് ഒരു ദിവസത്തിന് ശേഷം ധോണി സ്വന്തം നാടായ റാഞ്ചിയിലേക്ക് പോയിരുന്നു. അദ്ദേഹം സ്വന്തം നാട്ടിൽ ഹെൽമറ്റൊക്കെ വച്ച് ബൈക്ക് യാത്ര നടത്തുന്ന വീഡിയോകളും പുറത്തുവന്നിരുന്നു. ഉടനെ തന്നെ ധോണി വിദേശയാത്ര നടത്തുമെന്നും റിപ്പോർട്ടുണ്ട്.
2023 മെയ് മാസത്തിൽ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ഈ സീസണിൽ 14 മത്സരങ്ങളാണ് ധോണി കളിച്ചത്. 220.55 സ്‌ട്രൈക്ക് റേറ്റിൽ 13 സിക്‌സറുകൾ ഉൾപ്പെടെ 161 റൺസ് താരം നേടി. എത്ര പേസിലുള്ള പന്തിനേയും അടിക്കാനുള്ള ധോണിയുടെ കഴിവ് ഇപ്പോഴും അതേപടി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹത്തിൻ്റെ ഫിറ്റ്‌നസിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ചെന്നൈയുടെ കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങും ബാറ്റിങ് കോച്ച് മൈക്ക് ഹസിയും അഭിപ്രായപ്പെട്ടു.
അടുത്ത ഐപിഎൽ സീസണിലെ മെഗാ ലേലത്തിന് മുമ്പ് ബിസിസിഐ തീരുമാനിക്കുന്ന കളിക്കാരുടെ നിലനിർത്തൽ നിയമത്തെ ആശ്രയിച്ചിരിക്കും ധോണിയുടെ വിടവാങ്ങൽ അല്ലെങ്കിൽ തുടരാനുള്ള തീരുമാനം. 2022ലെ കളിക്കാരുടെ ലേലത്തിന് മുന്നോടിയായി സിഎസ്കെ നാല് കളിക്കാരെ നിലനിർത്തിയപ്പോൾ ധോണി ഉയർന്ന പ്രതിഫലത്തിൽ നിന്ന് രണ്ടാം സ്ഥാനത്തേക്ക് മാറി. ഇപ്പോൾ 12 കോടി രൂപയാണ് ധോണിയുടെ പ്രതിഫലം. 16 കോടി രൂപയുമായി രവീന്ദ്ര ജഡേജയാണ് ഏറ്റവും മുന്നിൽ.
ലോകകപ്പ് ജേതാവായ ഇന്ത്യൻ ക്യാപ്റ്റൻ സിഎസ്‌കെയുടെ ബ്രാൻഡിന് വളരെയധികം മൂല്യം നൽകുന്നതിനാൽ താരത്തെ പുറത്താക്കാനായി ഫ്രാഞ്ചൈസിക്ക് കടുത്ത തീരുമാനം എടുക്കേണ്ടിവരും. അത് ആരാധകരെ പിണക്കുന്നതിന് തുല്ല്യമാകുമെന്നതിനാൽ അത്തരം കടന്ന കൈക്ക് സിഎസ്കെ തയ്യാറാകില്ല.
ഈ വർഷം ഐപിഎല്ലിൻ്റെ തലേന്നാണ് സിഎസ്‌കെയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ധോണി മാറി പകരം റുതുരാജ് ഗെയ്‌ക്‌വാദിന് ചുമതല കൈമാറിയത്. ആ സമയത്ത്, ധോണി അങ്ങനെയൊരു തീരുമാനമെടുത്തത് സ്വയം പുതിയൊരു റോളിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണെന്ന് ഫ്ലെമിംഗ് പറഞ്ഞു.
“മുന്നോട്ട് പോകുമ്പോൾ ഒരു കളിക്കാരനെന്ന നിലയിൽ ധോണിയുടെ ഭാവി പൂർണ്ണമായും ഫിറ്റ്നസിനെ ആശ്രയിച്ചിരിക്കും. ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ ധോണിക്ക് തൻ്റെ ചലനങ്ങൾ പരിമിതപ്പെടുത്തേണ്ടി വന്നു. മാത്രമല്ല വിക്കറ്റുകൾക്കിടയിൽ ഓടുമ്പോൾ എളുപ്പത്തിൽ വേഗത കുറയ്ക്കാനും ധോണിക്ക് കഴിഞ്ഞില്ല. ഓട്ടത്തിനിടയിൽ പെട്ടെന്നുള്ള തിരിച്ചിൽ പോലും അപകടകരമാണെന്ന് കരുതി. അതുകൊണ്ടാണ് ധോണി അവസാന രണ്ട് ഓവറുകളിൽ ഫിനിഷർ എന്ന നിലയിൽ തന്റെ റോൾ പരിമിതപ്പെടുത്തിയത്,” ഫ്ലെമിംഗ് പറഞ്ഞു.
മുൻ സിഎസ്‌കെ താരം അമ്പാട്ടി റായിഡുവും ഇത് ധോണിയുടെ അവസാനമല്ലെന്ന ഉറച്ച വിശ്വസത്തിലാണ്. “ഇത് ധോണിയുടെ അവസാന കളിയാണെന്ന് ഞാൻ കരുതുന്നില്ല. ഈ സീസണോടെ ഐപിൽ അവസാനിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നതായി ഞാൻ കാണുന്നില്ല. പുറത്തിറങ്ങുമ്പോഴും ധോണി അൽപ്പം നിരാശനായി കാണപ്പെട്ടു. അത് എം.എസ്. ധോണിയിൽ നിന്ന് അപ്രതീക്ഷിതമാണ്. പ്ലേ ഓഫ് യോഗ്യത നേടാനും സീസണിൽ ഉയർന്ന നിലയിൽ ഫിനിഷ് ചെയ്യാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ എംഎസ് ധോണിയെ നിങ്ങൾക്കറിയില്ല, അദ്ദേഹം ചിലപ്പോൾ അടുത്ത വർഷം തിരിച്ചെത്തിയേക്കാം,” അമ്പാട്ടി റായിഡു പറഞ്ഞു.
Read More Sports News Here
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ