കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ മാച്ചിനായും ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ കാണികൾ നൽകിയ പിന്തുണ കണ്ട് കണ്ണുനിറഞ്ഞിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ബ്ലാസ്റ്റേഴ്സിൽ നിന്ന് രാജിവച്ച മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ വൈകാരികമായ വിടവാങ്ങൽ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
ബ്ലാസ്റ്റേഴ്സ് ആരാധകരുമായും കേരളക്കരയുമായി ഇവാന് ഉണ്ടായിരുന്ന അടുപ്പവും, മഞ്ഞപ്പട ആരാധകരുടെ പിന്തുണയും ഒരിക്കലും മറക്കില്ലെന്നും ഇവാൻ കുറിച്ചു. പിച്ചിലേക്കുള്ള ഓരോ എൻട്രിയിലും എനിക്ക് രോമാഞ്ചം തോന്നിയിരുന്നു, കണ്ണുകൾ ഈറനണിഞ്ഞിരുന്നു. നിങ്ങളുടെ പിന്തുണയിലാണ് നമ്മൾ കൂടുതൽ മത്സരങ്ങൾ ജയിച്ചതെന്നും ആശാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇവാൻ ആശാന്റെ വിടവാങ്ങൽ കുറിപ്പിന്റെ പൂർണ്ണരൂപം:
“പ്രിയപ്പെട്ട കേരളജനതയ്ക്ക്, കണ്ണുകൾ നിറയാതെയും മനസ്സ് ചഞ്ചലമാകാതെയും ഈ വാക്കുകൾ എഴുതാൻ എനിക്ക് കഴിയുന്നില്ല. ജീവിതത്തിൽ മുന്നോട്ടേക്ക് പോകേണ്ട ചില ഘട്ടങ്ങൾ വരും. ക്ലബ്ബിനും എനിക്കും അത്തരമൊരു സാഹചര്യത്തിൽ കൂട്ടായൊരു കഠിനമായ തീരുമാനമെടുക്കേണ്ടി വന്നു. കേരളത്തിൽ വന്നതുമുതൽ എന്നിക്ക് ആദരവും സ്നേഹവും പിന്തുണയും ലഭിച്ചു. ഇവിടെയെത്തിയത് മുതൽ ഈ നാടും നഗരവും എന്നെ വൈകാരികമായി കണക്ട് ചെയ്തു,”
“എനിക്ക് വലിയ സമാധാനമാണ് ആദ്യമേ തോന്നിയത്. മികച്ചൊരു അന്തരീക്ഷമാണ് അനുഭവിച്ചറിയാനായത്. നിങ്ങൾ എന്റെ കുടുംബം പോലെയായി, എന്റെ വീട്ടുകാരിൽ നിന്ന് അകന്നു നിൽക്കുന്നുവെന്ന തോന്നൽ പോലും എനിക്ക് ഉണ്ടായിരുന്നില്ല, എല്ലാവർക്കും നന്ദി. ഞാൻ യാത്ര പറയുന്നില്ല, എനിക്കറിയാം ജീവിതത്തിൽ എവിടെയെങ്കിലും വച്ച് നമ്മൾ വീണ്ടും കണ്ടുമുട്ടുമെന്ന്,”
“ലോകമെമ്പാടുമുള്ള ആരാധകരുടെ മുഖത്തേക്ക് ചിരി തിരിച്ചെത്തിക്കാനായി. അവർക്ക് പ്രതീക്ഷയേകുന്ന ഒരു സംഘമായി നമ്മൾ ഒരു ഐഡന്റിറ്റി ഉണ്ടാക്കി. എതിരാളികളെ വിറപ്പിക്കുന്നൊരു ഇടമായി കലൂരിലെ ഹോംഗ്രൌണ്ടിനെ നമ്മൾ മാറ്റി. ടീമിനും ക്ലബ്ബിനും വേണ്ടി കളിച്ച എല്ലാ കളിക്കാർക്കും നന്ദി, നിങ്ങളുടെയെല്ലാവരുടേയും സന്ദേശങ്ങൾക്ക് നന്ദി,”
“ബ്ലാസ്റ്റേഴ്സ് ആരാധകരെ, നിങ്ങൾ ഈ ലോകം മുഴുവനും നിന്ന് ഞങ്ങളെ പിന്തുണച്ചു. നിങ്ങളെ പോലെ ഈ ലോകത്ത് മറ്റാരുമില്ല. മഞ്ഞക്കടലിന്റെ ആർപ്പുവിളികൾക്ക് നടുവിൽ നിങ്ങളുടെ ശബ്ദം, പ്രതിധ്വനി, കൂട്ടായ്മയുടെ ശക്തി, ആത്മാർത്ഥത, സ്നേഹം എന്നിവയ്ക്ക് തുല്ല്യമായി ഈ ലോകത്ത് മറ്റൊന്നുമില്ല. പിച്ചിലേക്കുള്ള ഓരോ എൻട്രിയിലും എനിക്ക് രോമാഞ്ചം തോന്നിയിരുന്നു, കണ്ണുകൾ ഈറനണിഞ്ഞിരുന്നു. നിങ്ങളുടെ പിന്തുണയിലാണ് നമ്മൾ കൂടുതൽ മത്സരങ്ങൾ ജയിച്ചത്,”
“സസ്പെൻഷന് ശേഷം ഗ്രൌണ്ടിൽ തിരിച്ചെത്തിയ ആ നിമിഷത്തിൽ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് പകരം വയ്ക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല. എന്റെ ജീവിതകാലം മുഴുവൻ ആ നിമിഷങ്ങൾ ഞാൻ സ്മരിക്കും. മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ നഗരങ്ങളും എനിക്ക് വീട് പോലെയായിരുന്നു. എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദിയറിയിക്കുന്നു. കേരള ഐലവ് യൂ, ഫോർ എവർ യുവേഴ്സ്, ഇവാൻ ആശാൻ,”
ഇവാൻ വുകോമനോവിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ