ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തില്‍ വിവാദ പുറത്താകലിന് പിന്നാലെ അമ്പയറോട് കയര്‍ത്ത കോഹ്ലിക്ക് പണികിട്ടി. മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴയായി വിധിച്ചത്.
അരക്ക് മുകളില്‍ വന്ന ഹര്‍ഷിത് റാണയുടെ ഫുള്‍ടോസ് പന്തിലാണ് കോലി പുറത്തായത്. പുറത്തായി ഡഗ് ഔട്ടിലേക്ക് മടങ്ങും വഴി വിരാട് വേസ്റ്റ് ബിൻ ചവിട്ടിത്തെറിപ്പിക്കുകയും ചെയ്തിരുന്നു. നോ ബോളാണോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും കോഹ്ലി ക്രീസിന് വെളിയിലേക്ക് വന്നതിനാൽ അമ്പയര്‍ അത് ഔട്ട് വിധിച്ചിരുന്നു.
തേര്‍ഡ് അമ്പർ മൈക്കല്‍ ഗഫിന്‍റെ പരിശോധനയിലും അത് നോ ബോൾ അല്ലെന്നാണ് വിധിച്ചത്. ഇതോടെ അമ്പയറുമായി തര്‍ക്കിച്ച കോഹ്ലി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ ചവറ്റുകൊട്ട തട്ടിത്തെറിപ്പിച്ച് അരിശം പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു.
ഇതിന് പിന്നാലെയാണ് ലെവല്‍ 1 കുറ്റം ചെയ്ത കോഹ്ലി ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് വിലയിരുത്തിയാണ് മാച്ച് റഫറി പിഴ ശിക്ഷ വിധിച്ചത്. മാച്ച് റഫറിയുടെ തീരുമാനം കോഹ്ലി അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് ശിക്ഷ വിധിച്ചത്. ലെവല്‍ 1 കുറ്റങ്ങള്‍ക്ക് മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്.