ഐപിഎൽ 17ാം സീസണിൽ ഏറ്റവും വിലപിടിപ്പുള്ള താരമാണ് ഓസീസ് പേസറായ മിച്ചെൽ സ്റ്റാർക്ക്. 24.75 കോടി രൂപയാണ് ഒരു സീസണിൽ കളിക്കാനായി താരം വാങ്ങുന്നത്. ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൌളർമാരിൽ ആദ്യ അഞ്ചു പേരിൽ ഒരാളായി കണക്കാക്കാവുന്ന താരവുമാണ് അദ്ദേഹം. എന്നാൽ, ഏഴ് വർഷത്തിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ പന്തെറിയാനെത്തിയപ്പോൾ താരം വലിയ തിരിച്ചടിയാണ് ആദ്യ മത്സരങ്ങളിൽ നേരിട്ടത്.
ഐപിഎല്ലിലെ വിലപിടിപ്പുള്ള താരം ആറ് മത്സരങ്ങൾ കളിച്ചപ്പോൾ 232 റൺസ് വിട്ടുനൽകി നേടിയത് കേവലം അഞ്ച് വിക്കറ്റുകളാണ്. അന്താരാഷ്ട്ര മത്സരങ്ങളിലെ മികവ് പുലർത്തുന്ന താരം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയുള്ള ക്ലബ്ബ് ലെവൽ മത്സരങ്ങളിൽ മോശമായി കളിക്കുന്നതിനെതിരെ ക്രിക്കറ്റ് നിരൂപകർ രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്. രാജസ്ഥാനെതിരായ മത്സരത്തിൽ നാലോവറിൽ 50 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. 18ാം ഓവറിൽ 18 റൺസാണ് സ്റ്റാർക്ക് വഴങ്ങിയത്.
ഇതിന് പിന്നാലെ മുൻ വെസ്റ്റ് ഇൻഡീസ് ഇതിഹാസ ക്രിക്കറ്റർ ഇയാൻ ബിഷപ്പാണ് ഓസീസ് പേസറെ വിമർശിച്ച് ആദ്യം രംഗത്തെത്തിയത്. ഇടങ്കയ്യൻ പേസർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് മാത്രമല്ല, ആധുനിക കാലത്തെ മികവുറ്റ ഫാസ്റ്റ് ബോളറെന്ന പേരിനോട് നീതീകരണം ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇത്രയധികം പണം വാങ്ങുന്ന താരം പ്രതീക്ഷയ്ക്കൊത്ത പ്രകടനമല്ല നടത്തുന്നത്. മുമ്പത്തെ മത്സരത്തിൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റെടുത്തു. എന്നാൽ ചൊവ്വാഴ്ച പ്രകടനം കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചപ്പോൾ കൂടുതൽ നിരാശപ്പെടുത്തി. ചേസ് ചെയ്യുന്ന ടീമിന് സിക്സറുകൾ വേണ്ട ഘട്ടത്തിൽ അദ്ദേഹം ആവർത്തിച്ച് പലവട്ടം വൈഡായാണ് പന്തെറിഞ്ഞത്. പിന്നീട് സ്വയം പിന്തുണയ്ക്കേണ്ട കാര്യം നിങ്ങൾ പറഞ്ഞു. സ്ക്വയറിൽ ഫീൽഡർമാരില്ലാത്ത ഘട്ടത്തിലാണ് ഇത്രയധികം വൈഡുകളും ഷോർട്ട് ബോളുകളും നിങ്ങളെറിഞ്ഞത്. അത് ബാറ്റർക്ക് ഹുക്ക് ഷോട്ടുകൾ കളിക്കാനെളുപ്പമാക്കി. ഇത്തരം ചെറിയ കാര്യങ്ങളാണ് ഇവിട ശ്രദ്ധിക്കേണ്ടത്,” ബിഷപ്പ് ഇഎസ്പിഎന്നിന് നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞു.
നേരത്തെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 53ഉം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 47 റൺസും വഴങ്ങിയിരുന്നു. ഈ മത്സരങ്ങളിലൊന്നും വിക്കറ്റും ലഭിച്ചില്ല. ലഖ്നൌ സൂപ്പർ ജയന്റ്സിനെതിരെ 28 റൺസ് വഴങ്ങി നേടിയ മൂന്ന് വിക്കറ്റാണ് ഇതുവരെയുള്ളതിൽ മികച്ച പ്രകടനം. ഇതുവരെ കളിച്ച ആറിൽ നാല് മത്സരങ്ങളിലും വിക്കറ്റ് നേടാനായില്ലെന്നത് ശ്രദ്ധേയമാണ്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ