അപ്രതീക്ഷിത സംഭവങ്ങൾക്കാണ് ഇത്തവണത്തെ ഐപിഎൽ സീസൺ സാക്ഷിയായത്. ഐപിഎൽ കണ്ട എക്കാലത്തെയും മികച്ച രണ്ടു ക്യാപ്റ്റന്മാരാണ് ഇത്തവണ സ്ഥാനത്തു നിന്ന് മാറിയത്. മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മയും ചെന്നൈ ക്യാപ്റ്റൻ എംഎസ് ധോണിയുമാണ് നായകസ്ഥാനം ഒഴിഞ്ഞത്.
ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനും മുൻ മുംബൈ താരവുമായ ഹാർദിക് പാണ്ഡ്യയെയാണ് രോഹിതിന് പകരം നായകനായി മുംബൈ ടീമിലെത്തിച്ചത്. രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കിയത് വ്യാപക വിമർശനങ്ങൾക്കാണ് വഴിവച്ചത്.
5 തവണ കിരീടം നേടിയ ടീം ആദ്യ മൂന്നു മത്സരങ്ങളിലും പരാജയപ്പെടുകയും ചെയ്തിരുന്നു. ശേഷം കളിച്ച രണ്ടു മത്സരങ്ങൾ വിജയിച്ചെങ്കിലും ഹാർദിക്കിനെ വലിയരീതിയിലാണ് ആരാധകർ വിമർശിക്കുന്നത്. ഹോം ഗ്രാണ്ടിൽ ഉൾപ്പെടെ താരത്തിനെതിരെ ആരാധകർ ആക്രോശിച്ചിരുന്നു.
അടുത്ത സീസണിൽ രോഹിത് മുംബൈ വിടുമെന്നുള്ള ചർച്ചകളും നിലവിലെ സാഹചര്യത്തിൽ ആരാധകർക്കിടയിൽ സജീവമാണ്. ചെന്നൈ സൂപ്പർ കിങ്സിലേക്കാകും രോഹിതിന്റെ മാറ്റമെന്നും അഭ്യൂഹമുണ്ട്. രോഹിത് ചെന്നൈയിലേക്ക് പോയാൽ അതിശയിക്കാനില്ലെന്ന് പറഞ്ഞ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അടുത്ത വർഷം രോഹിതിന്റെ സ്ഥാനം ചെന്നൈയിൽ കാണുന്നുവെന്നും വോൺ പറഞ്ഞു.
“I see Rohit Sharma with CSK next year’ – – Michael Vaughan (Via The Ranveer Show)
Do you think he will go to arch-rivals CSK? 🤔 pic.twitter.com/kZB7qwmoZs
— CricTracker (@Cricketracker) April 13, 2024
അതേസമയം, ഹാർദിക്കിനെ ടീമിലെടുത്തെങ്കിലും, ഈ സീസണിൽ രോഹിതിന്റെ നായകസ്ഥാനം നിലനിർത്തണമായിരുന്നുവെന്ന് വോൺ അഭിപ്രായപ്പെട്ടു. “ഹാർദിക് ഒരു പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്, അത് അദ്ദേഹത്തിൻ്റെ തെറ്റല്ല. അദ്ദേഹത്തോട് മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനാകാൻ ആവശ്യപ്പെട്ടു. ആരാണ് അതു വേണ്ടെന്ന് പറയുക. ഓരോ ഇന്ത്യൻ ക്രിക്കറ്റ് താരവും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമാണ് അത്,” ബിയർബൈസെപ്‌സ് പോഡ്‌കാസ്റ്റിൽ സംസാകിക്കവെ മൈക്കൽ വോൺ പറഞ്ഞു.