മുംബൈ ഇന്ത്യൻസിന്റെ വെടിക്കെട്ട് ബാറ്ററായ സൂര്യകുമാർ യാദവിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ഹർഭജൻ സിങ്. “ബൗളർമാരുടെ മേൽ ഇത്ര ആധിപത്യം നേടിയ ഒരു ബാറ്ററെ ഞാൻ കണ്ടിട്ടില്ല. ഇത് അവിശ്വസനീയമാണ്. സൂര്യകുമാറിനെതിരെ എങ്ങനെ ഒരാൾ പന്തെറിയും. ഇക്കാലത്ത് ക്രിക്കറ്റ് കളിക്കാത്തതിൽ തനിക്ക് സന്തോഷമുണ്ട്. എല്ലാ പന്തുകൾക്കും സൂര്യയ്ക്ക് ഉത്തരമുണ്ട്. വൈഡ് യോർക്കറായാലും ബൗൺസറായാലും താരത്തിന് കളിക്കാൻ കഴിയും,” ഹർഭജൻ പറഞ്ഞു.
“സ്വീപ്പും പുള്ളും അപ്പർകട്ടും സൂര്യ കളിക്കുന്നത് താൻ കണ്ടു. മറ്റെന്തൊക്കെ കളിക്കാൻ സൂര്യക്ക് സാധിക്കുമെന്ന് തനിക്ക് അറിയില്ല. സൂര്യകുമാർ ഒരു വ്യത്യസ്തനായ താരമാണ്. അയാൾ ഫോമിലാണെങ്കിൽ ഒരു ബൗളറിനും അതിജീവിക്കാൻ കഴിയില്ലെന്നും,” ഹർഭജൻ കൂട്ടിച്ചേർത്തു.
പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് ഐപിഎല്ലിലൂടെയാണ് സൂര്യ തകർപ്പൻ തിരിച്ചുവരവ് നടത്തിയത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 19 പന്തിൽ താരം 52 റൺസ് നേടിയിരുന്നു. കഴിഞ്ഞ ഡിസംബറിന് ശേഷം കാലിന്റെ പൊട്ടലിനും ഹെർണിയ ശസ്ത്രക്രിയയ്ക്കും ശേഷം വിശ്രമത്തിലായിരുന്നു ടി20യിലെ നമ്പർ വൺ ബാറ്ററായ സൂര്യ.
രാജസ്ഥാനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ശേഷം ആർസിബിയെ നേരിടാനെത്തിയ മുംബൈ താരം ബോളർമാരെയെല്ലാം നിഷ്ക്കരുണം പ്രഹരിക്കുന്ന കാഴ്ചയാണ് കണ്ടത്. 19 പന്തുകളിൽ 52 റൺസടിച്ചു കൂട്ടിയ സൂര്യയുടെ കൂറ്റനടികൾ മുംബൈയെ അനായാസം വിജയത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് കണ്ടത്. നാല് സിക്സും അഞ്ച് ഫോറുകളുമടക്കമാണ് സൂര്യയുടെ വെടിക്കെട്ട് അർധസെഞ്ചുറി പിറന്നത്. 273.63 സ്ട്രൈക്ക് റേറ്റിലായിരുന്നു സൂര്യയുടെ അഴിഞ്ഞാട്ടം.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ