ജൂണിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് കളിക്കില്ല. ബെൻ സ്റ്റോക്സ് ലോകകപ്പിൽ നിന്ന് പിന്മാറിയതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) ചൊവ്വാഴ്ച പ്രസ്താവനയിൽ അറിയിച്ചു. “ഐസിസി പുരുഷ ടി-20 ലോകകപ്പ് സെലക്ഷനിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ബെൻ സ്റ്റോക്സ് സ്ഥിരീകരിച്ചു,” ഇസിബി പറഞ്ഞു.
കാല്‍മുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഏകദിന ലോകകപ്പിന് ശേഷം സ്റ്റോക്സ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുക്കാനാണ് ഈ പിന്മാറ്റമെന്ന് സ്റ്റോക്സ് വ്യക്തമാക്കി. ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിലും ഓൾറൗണ്ടർ എന്ന നിലയിൽ പൂർണ്ണമായ റോൾ നിറവേറ്റുന്നതിനായി ബൗളിംഗ് ഫിറ്റ്നസ് വീണ്ടെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും, അതിനായി കഠിനാധ്വാനം ചെയ്യുകയാണെന്നും, സ്റ്റോക്സ് പറഞ്ഞു.
“ഐപിഎല്ലിൽ നിന്നും ലോകകപ്പിൽ നിന്നും ഒഴിവാക്കുന്നത്, ഭാവിയിൽ ഞാൻ ആകാൻ ആഗ്രഹിക്കുന്ന ഓൾറൗണ്ടർ എന്ന നിലയിലേക്ക് എന്നെ എത്തിക്കുന്ന ഒരു ത്യാഗമായിരിക്കും. മുട്ടിൻ്റെ ശസ്ത്രക്രിയയ്ക്കും ഒമ്പത് മാസങ്ങൾ ബൗൾ ചെയ്യാതിരുന്നതിന് ശേഷം ബൗളിംഗ് വീക്ഷണത്തിൽ ഞാൻ എത്രത്തോളം പിന്നിലാണെന്ന് അടുത്തിടെ നടന്ന ഇന്ത്യൻ ടെസ്റ്റ് പര്യടനം എടുത്തുകാണിച്ചു.
ഞങ്ങളുടെ ടെസ്റ്റ് സമ്മർ ആരംഭിക്കുന്നതിന് മുമ്പ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഡർഹാമിനായി കളിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. ഞങ്ങളുടെ കിരീടം നിലനിർത്തുന്നതിൽ ജോസിനും മോട്ടിക്കും എല്ലാ ടീമിനും ആശംസകൾ നേരുന്നു,” ബെൻ സ്റ്റോക്സ് പറഞ്ഞു.
In and out
Under the 🔪 done
Rehab starts now 🙌🙌 pic.twitter.com/Lz7Mh3Toh1
— Ben Stokes (@benstokes38) November 29, 2023
ജൂൺ നാലിന് ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ, സ്‌കോട്ട്‌ലൻഡിനെതിരെയാണ് നിലവിലെ ചാമ്പ്യന്മാർ തങ്ങളുടെ കാമ്പയിൻ ആരംഭിക്കുന്നത്. ഓസ്‌ട്രേലിയ, ഒമാൻ, നമീബിയ എന്നിവർക്കെതിരെ ബാർബഡോസിലും ആൻ്റിഗ്വയിലും ഗ്രൂപ്പ് മത്സരങ്ങൾ കളിക്കും.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ബെന്‍ സ്‌റ്റോക്‌സിന്റെ പ്രകടന മികവിൽകൂടിയായിരുന്നു രണ്ടാം കിരീടം സ്വന്തമാക്കിയത്.