‘ധോണീ, ഞങ്ങളെ വിട്ടു പോകരുതേ’, കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിന് പുറത്തായി കടുത്ത ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ഇങ്ങനെയൊരു ബാനറും പിടിച്ച് നിൽപ്പുണ്ടായിരുന്നു. ടീമിന്റെ ഒഫീഷ്യൽ ബസ് കടന്നു പോകുന്നതിനിടെ അവർ ധോണിക്ക് ജയ് വിളികളും മുഴക്കി. ആരൊക്കെ വന്നാലും പോയാലും ചെന്നൈ സൂപ്പർ കിങ്സിന്റെ നെടുംതൂൺ മഹേന്ദ്ര സിങ് ധോണിയാണ്. അഞ്ച് ഐപിഎൽ കിരീടങ്ങൾ ആ ക്ലബ്ബിന് സമ്മാനിച്ച സൂപ്പർ ഹീറോ.
ഓരോ ഇന്ത്യൻ ആരാധകനും ധോണി എത്ര സ്പെഷ്യലാണോ, അതിനേക്കാളും എത്രയോ മടങ്ങ് സി.എസ്.കെ ആർമി ധോണിയെന്ന ക്യാപ്ടനെ ഇഷ്ടപ്പെടുന്നുണ്ട്. പ്രായം 42ലേക്ക് കടന്നെങ്കിലും അയാളിപ്പോഴും ഓരോ ചെന്നൈ ആരാധകന്റേയും മനസിൽ ദൈവതുല്യനാണ്. റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസിനെ നേരിടാനായി ധോണി ബാറ്റേന്തി വിശാഖപട്ടണത്തിലെ സ്റ്റേഡിയത്തിലെത്തുമ്പോൾ ആ സ്റ്റേഡിയം ഒന്നടങ്കം മഞ്ഞക്കടൽ പോലെ തിളച്ചുമറിയുകയായിരുന്നു.
ധോണി നേരിട്ട ഓരോ പന്തിനും അവർ നിർത്താതെ കയ്യടിച്ചു. ഓരോ പന്തും മുൻ നായകൻ ബൌണ്ടറി കടത്തുമ്പോളും സ്റ്റേഡിയം നിന്നും വിറച്ചു. ഏതൊരു ക്രിക്കറ്റ് ആരാധകനും ഐപിഎൽ എന്ന മാമാങ്കം വരുന്നുവെന്ന് കേൾക്കുമ്പോൾ കാണാൻ കാത്തിരിക്കുന്ന സമ്മോഹനമായ കാഴ്ചകളിലൊന്നായിരുന്നു ഇതെന്ന് നമ്മൾ ആ നിമിഷം തിരിച്ചറിയും. അങ്ങനെയൊരു താരം ഈ സീസണോടെ ഐപിഎൽ മതിയാക്കി ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിടപറയുമെന്ന ഭയം ഇപ്പോഴോ ചെന്നൈയുടെ മുഴുവൻ ആരാധകർക്കുമുണ്ട്. ധോണി പിൻവാങ്ങിയാൽ പിന്നെ തങ്ങളുടെ ക്ലബ്ബിന്റെ ഭാവി എന്താകുമെന്ന ആശങ്കയാണ് സ്റ്റേഡിയത്തിന് പുറത്തെ ആ ബാനറിൽ തെളിഞ്ഞുകാണുന്നത്.
കഴിഞ്ഞ വർഷം വരെ ചെന്നൈയുടെ ക്യാപ്ടനായിരുന്നു ധോണി. എന്നാൽ ഒരു ബാറ്ററെന്ന നിലയിൽ ധോണി നേരിട്ടത് വെറും 57 പന്തുകൾ മാത്രമായിരുന്നു. 12 ഇന്നിങ്സുകളിൽ നിന്ന് ധോണി കളിച്ചത് അത്രയും സമയം മാത്രമാണ്. അതായത് ഒരു മത്സരത്തിൽ ശരാശരി അഞ്ച് പന്ത് വീതമാണ് ധോണി കളിച്ചത്. ഓരോ ആറ് പന്ത് കൂടുമ്പോഴും ആരാധകരെ ആവേശത്തിലാറാടിച്ച് അദ്ദേഹം പന്ത് അതിർത്തി കടത്തി. 2018ലാണ് ഐപിഎല്ലിൽ ധോണിയുടെ ബാറ്റിൽ നിന്ന് അവസാനമായൊരു അർധസെഞ്ചുറി പിറന്നത്.
ഈ ധോണിക്ക് കീഴിലാണ് ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിൽ 10 ഫൈനലുകൾ കളിച്ചത്. ധോണി വിരമിക്കുമ്പോൾ ചെന്നൈയുടെ ജേഴ്സിയുടെ ആത്മാവ് നഷ്ടപ്പെടുമെന്നാണ് ഒരു കടുത്ത ആരാധകനായ ജയരാമൻ പറയുന്നത്. “ധോണി പോയാലും സി.എസ്.കെയെ ഞങ്ങൾ പിന്തുണയ്ക്കും. എന്നാൽ അതൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്ന് മാത്രം,” ജയരാമൻ പറഞ്ഞു.
അതേസമയം, ധോണി വിരമിക്കുന്നതിനെ കുറിച്ച് ഇതുവരേയ്ക്കും ആലോചിച്ചിട്ടില്ലെന്നാണ് മറ്റൊരു കടുത്ത ആരാധകനായ ശരവണൻ പറയുന്നത്. “അതേക്കുറിച്ച് ആലോചിക്കാനേ വയ്യെന്നതാണ് പ്രധാന കാര്യം, ഞാനെന്ത് ചെയ്യും, ഞങ്ങളെന്ത് ചെയ്യും?” ശരവണൻ കൂട്ടിച്ചേർത്തു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ