ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി അർധസെഞ്ചുറി നേടി ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്ത്. കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാൾ ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന ശേഷം തിരിച്ചുവരവിൽ റിഷഭ് നേടുന്ന ആദ്യ ഫിഫ്റ്റിയാണിത്. 2021ന് ശേഷം താരം സ്വന്തമാക്കുന്ന ആദ്യ അർധശതകമാണിത്.
31 പന്തിൽ നിന്നാണ് നായകൻ്റെ അർധസെഞ്ചുറി പിറന്നത്. മൂന്ന് തകർപ്പൻ സിക്സുകളും നാല് ഫോറുകളും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്സ്. റിഷഭ് പന്തിന്റെ ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന പ്രകടനമാണ് ഇന്ന് ചെന്നൈയ്ക്കെതിരെ പിറന്നത്. എന്നാൽ ഫിഫ്റ്റി തികച്ചതിന് പിന്നാലെ നായകൻ പുറത്തായി. മതീഷ പതിരനയാണ് പന്തിനെ പുറത്താക്കിയത്.
ഇന്നലെ ചെന്നൈ-ഡൽഹി ഐപിഎൽ മത്സരത്തിൽ ഗെയിം ചേഞ്ചറായി മാറിയത് മതീഷ പതിരനായാണ്. ഡേവിഡ് വാർണറുടെ തകർപ്പൻ ക്യാച്ച് സ്വന്തമാക്കിയ ശേഷം, പന്ത് കൊണ്ടും താരം ഡൽഹിയെ വിറപ്പിച്ചു. പന്തിന് പുറമെ മിച്ചെൽ മാർഷ് (18), ട്രിസ്റ്റൻ സ്റ്റബ്സ് (0) എന്നിവരേയും ക്ലീൻ ബൌൾ ചെയ്തുകൊണ്ടാണ് പതിരന ഡൽഹിയെ വിഷമിപ്പിച്ചത്.നാലോവറിൽ 31 റൺസ് വഴങ്ങിയാണ് പതിരന മൂന്ന് വിക്കറ്റെടുത്തത്.
35 പന്തിൽ നിന്ന് 52 റൺസുമായി ഓപ്പണർ ഡേവിഡ് വാർണറും ഡൽഹിക്കായി തിളങ്ങി. മുസ്തഫിസുർ എറിഞ്ഞ പത്താം ഓവറിലെ മൂന്നാമത്തെ പന്ത് റിവേഴ്സ് സ്വീപ്പ് ചെയ്യാൻ ശ്രമിച്ചാണ് വാർണർ പുറത്തായത്. വലതു വശത്തായി ഉയർന്നുവരുന്ന പന്തിലേക്ക് ഒരു നിമിഷം പറന്നെത്തിയാണ് ഒറ്റക്കൈ കൊണ്ട് പതിരന ക്യാച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്തു 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ഡൽഹി വാരിയത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ