ബംഗ്ലാദേശ്-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ശ്രീലങ്കന്‍ താരത്തിന്റെ ക്യാച്ചിനായി ശ്രമിക്കുന്ന മൂന്ന് ബംഗ്ലാദേശ് സ്ലിപ്പ് ഫീൽഡർമാരുടെ കാട്ടിക്കൂട്ടലുകൾ ചിരിയുളവാക്കുന്നു. ക്രിക്കറ്റ് നിരൂപകനായ മുഫദൽ വോഹ്റയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ക്രിക്കറ്റിൽ അപൂർവ്വമായി മാത്രമെ ഒരേ ക്യാച്ച് മൂന്ന് ഫീൽഡമാർ ചേർന്ന് പിടിക്കാൻ ശ്രമിക്കുന്നത് കാണാറുള്ളൂ. ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യമാണ് ഇത്തരത്തിലുള്ള ഫീൽഡിങ് ക്രമീകരണങ്ങൾ. പേസ് ബൗളർമാരെ സഹായിക്കാനാണ് ഇത്തരം ഫീൽഡിങ് ക്യാപ്റ്റൻ ഒരുക്കാറുള്ളത്.
ലങ്കയുടെ വലങ്കയ്യൻ ബാറ്ററായ പ്രഭാത് ജയസൂര്യയുടെ ക്യാച്ച് കൈയിലൊതുക്കാന്‍ മൂന്ന് ഫീല്‍ഡര്‍മാര്‍ ശ്രമിച്ചിട്ടും പന്ത് നിലത്തുവീഴുന്നതാണ് കാണുന്നത്. ശ്രീലങ്കയുടെ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ എട്ടാമനായി ക്രീസിലെത്തിയതായിരുന്നു പ്രഭാത് ജയസൂര്യ. ഖാലിദ് അഹമ്മദിന്റെ പന്ത് ജയസൂര്യ എഡ്ജ് ചെയ്തപ്പോൾ നേരേ ആദ്യം പോയത് ഫസ്റ്റ് സ്ലിപ്പിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ നജ്മുള്‍ ഹൊസൈൻ ഷാന്‍റോയുടെ കൈകളിലേക്കായിരുന്നു.
— CricTracker (@Cricketracker) March 30, 2024
എന്നാല്‍ ഷാന്‍റോയുടെ കൈയില്‍ തട്ടിത്തെറിച്ച പന്ത് നേരേ സെക്കന്‍ സ്ലിപ്പിലുണ്ടായിരുന്ന ഷഹ്ദത്ത് ഹൊസൈന്‍ ഡിപുവിന്‍റെ മുന്നിലേക്കാണ് വന്നത്. എന്നാല്‍ ഡിപുവിനും പന്ത് കൈയിലൊതുക്കാനായില്ല. ഇതിനിടെ ഡിപുവിന്‍റെ കൈയില്‍ നിന്ന് തട്ടിത്തെറിച്ച പന്ത് തേര്‍ഡ് സ്ലിപ്പിലുണ്ടായിരുന്ന സാക്കിര്‍ ഹസന്‍ കൈയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും, നിർഭാഗ്യകരമെന്ന് പറയട്ടെ പന്ത് നിലത്തേക്കാണ് വീണത്. പ്രഭാത് ജയസൂര്യ ആറ് റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്തരത്തിലൊരു രക്ഷപ്പെടൽ സംഭവിച്ചത്.
Juggling act ft. Bangladesh team. 🤹♂️pic.twitter.com/y7XC5SYAN5
— Mufaddal Vohra (@mufaddal_vohra) March 31, 2024
കഴിഞ്ഞ ദിവസം ക്രിക്കറ്റിലെ ഏറ്റവും മണ്ടൻ റിവ്യൂ തീരുമാനമെടുത്ത് കാണികളെ ചിരിപ്പിച്ച ആളാണ് ബംഗ്ലാദേശിന്റെ ക്യാപ്റ്റനായ നജ്മുള്‍ ഹൊസൈൻ ഷാന്‍റോ. അനാവശ്യമായി ഷാന്‍റോ റിവ്യൂ പാഴാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇന്നലെ വൈറലായിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് മറ്റൊരു അബദ്ധത്തിലൂടെ അദ്ദേഹം വീണ്ടും ലോക ശ്രദ്ധയാകർഷിക്കുന്നത്.