ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് പോയതോടെ ഗുജറാത്ത് ടൈറ്റൻസ് ബൗളർമാർക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്ന് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. കഴിഞ്ഞ വർഷത്തെ ഐപിഎൽ ഫൈനലിൽ, മോഹിത് ശർമയുമായുള്ള പാണ്ഡ്യയുടെ നീണ്ട ചർച്ച ബൗളറുടെ ഏകാഗ്രതയെ ബാധിച്ച കാര്യങ്ങൾ പരാമർശിക്കുകയായിരുന്നു ശ്രീശാന്ത്.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിൽ, അവസാന രണ്ട് പന്തുകളിൽ രവീന്ദ്ര ജഡേജ ഒരു സിക്സും ഫോറും പറത്തി. ഇതോടെ, ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്ങ്സ് ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
“എങ്ങനെ എറിയണമെന്ന് ബൗളർമാരോട് പറയാൻ ഇത്തവണ ഗുജറാത്തിൽ ഒരു ഹാർദിക്കും ഇല്ല. ബൗളർക്ക് ബൗൾ ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകണം. ഇത്തവണ ക്യാപ്റ്റൻ ഗിൽ ആണ്. ആശിഷ് ഭായ് (ആശിഷ് നെഹ്‌റ) അവർ ബൗൾ ചെയ്യട്ടെ എന്ന് പറയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു യുവ ക്യാപ്റ്റനൊപ്പം ബൗളർമാരും കളിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കും. ചിലപ്പോൾ ഇത് ആ ക്യാപ്റ്റൻ്റെ നേട്ടമാണ്,” ശ്രീശാന്ത് ഫാൻകോഡിൽ പറഞ്ഞു.
സീസണിൻ്റെ തുടക്കത്തിൽ ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ മുൻ സഹതാരവും ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന എം.എസ് ധോണിയെ പ്രശംസിക്കാനും ശ്രീശാന്ത് മടിച്ചില്ല. ചൊവ്വാഴ്ച ചെന്നൈയെ ചെപ്പോക്കിൽ ഗുജറാത്ത് നേരിടും.
ഗുജറാത്ത് ടെറ്റൻസ് തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം നേടിയത് ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിലായിരുന്നു. കഴിഞ്ഞ വർഷം ഐപിഎൽ ഫൈനലിലെത്താനും ഗുജറാത്തിനായി. ഇത്തവണത്തെ ലേലത്തിന് മുമ്പ് നടന്ന ചർച്ചകൾക്കൊടുവിൽ ഹാർദിക്ക് മുംബൈ ഇന്ത്യൻസിലേക്ക് ട്രേഡ് ചെയ്യപ്പെട്ടു. വർഷങ്ങളായി ക്യാപ്റ്റനായിരുന്ന രോഹിത് ശർമയെ നായക സ്ഥാനത്തു നിന്ന് നീക്കിയാണ് ഹാർദിക്കിനെ ക്യാപ്റ്റനായി നിയമിച്ചത്.
ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കിയത് മുംബൈ ആരാധകർക്ക് പുറമെ മറ്റു ടീമുകളുടെ ആരാധകരിലും നിരാശ സൃഷ്ടിച്ചിരുന്നു. എന്നാൽ മുംബൈ നേടിയ നാല് ഐപിഎൽ കിരീടങ്ങളിലും ശ്രദ്ധേയമായ പങ്കുവഹിച്ച കളിക്കാരിലൊരാളായിരുന്നു ഹാർദിക്.
ഈ വർഷത്തെ ആദ്യ ഐപിഎൽ മത്സരത്തിൽ, മുംബൈ ഇന്ത്യൻസ് ആറു റൺസിന് പരാജയപ്പെട്ടതോടെ ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക്കിന് മികച്ച തുടക്കം ലഭിച്ചില്ല. പൊതുവെ ലെഗ് സൈഡിൽ ഫീൽഡു ചെയ്യാത്ത രോഹിതിനെ, ലെഗ് സൈഡിലേക്ക് ഫീൽഡിങ്ങിനയച്ച പാണ്ഡ്യയുടെ കഴിഞ്ഞ മത്സരത്തിലെ നടപടിയും ആരാധകരിൽ അമർഷം ഉണ്ടാക്കിയിരുന്നു.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- അനുഷ്കയ്ക്ക് ഒന്നിലേറെ ഫ്ലൈയിങ് കിസ്സ്; ക്യൂട്ട് എക്സ്പ്രഷനുകളുമായി കോഹ്ലി, വീഡിയോ
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ