തൻ്റെ 100ാം ടെസ്റ്റ് മത്സരവും 500 വിക്കറ്റ് നാഴികക്കല്ലും കടന്ന ഒരു പരമ്പരയിൽ, രവിചന്ദ്രൻ അശ്വിന് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ‘നല്ല മനസ്സിന്’ കൂടുതൽ നന്ദി പറയാൻ കഴിയില്ല. തൻ്റെ യൂട്യൂബ് ചാനലിലൂടെ ഇന്ത്യൻ ഓഫ് സ്പിന്നർ തന്റെ കുടുംബം പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ രോഹിത്ത് കാണിച്ച നേതൃത്വ മികവിനെ അഭിനന്ദിച്ചു. ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ രാജ്‌കോട്ട് ടെസ്റ്റിൻ്റെ മധ്യത്തിൽ ടീമിൽ നിന്ന് പുറത്തുപോയത് ആശുപത്രിയിലുള്ള തൻ്റെ അമ്മയെ കാണുന്നതിന് വേണ്ടിയായിരുന്നു. കടുത്ത തലവേദനയെ തുടർന്ന് അശ്വിന്റെ അമ്മ ചെന്നൈയിലെ വസതിയിൽ കുഴഞ്ഞുവീണിരുന്നു.
പരമ്പരയിലെ നിർണായക ഘട്ടത്തിൽ ടീമിനൊപ്പം തുടരണോ വേണ്ടയോ എന്ന ആശയക്കുഴപ്പം നേരിട്ട തന്നെ ഇന്ത്യൻ ക്യാപ്റ്റൻ തന്നെ സഹായിച്ചതെങ്ങനെയെന്ന് അശ്വിൻ പങ്കുവെച്ചു. “അമ്മ എങ്ങനെയാണെന്നും അവർക്ക് ബോധമുണ്ടോ എന്നും ഞാൻ ചോദിച്ചു. അവൾ കാണേണ്ട അവസ്ഥയിലല്ലെന്ന് ഡോക്ടർ എന്നോട് പറഞ്ഞു. ഞാൻ കരയാൻ തുടങ്ങി. ഞാൻ ഒരു ഫ്ലൈറ്റിനായി തിരയുകയായിരുന്നു, പക്ഷേ എനിക്ക് അത് ലഭിച്ചില്ല. രാജ്‌കോട്ട് എയർപോർട്ട് 6 മണിക്ക് ശേഷം അടച്ചിടാറുണ്ട്. കാരണം അവിടെ നിന്ന് 6 മണിക്ക് ശേഷം വിമാനങ്ങൾ ഇല്ല. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല,”
“പിന്നാലെ രോഹിതും രാഹുൽ (ദ്രാവിഡ്) ഭായിയും എൻ്റെ മുറിയിലേക്ക് വന്നു. രോഹിത് എന്നോട് കാടുകയറി ചിന്തിക്കുന്നത് നിർത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം എനിക്കായി ഒരു ചാർട്ടർ ഫ്ലൈറ്റ് ക്രമീകരിക്കാൻ ശ്രമിക്കുകയായിരുന്നു,” അശ്വിൻ പറഞ്ഞു.
രോഹിത്തിൻ്റെ തീരുമാനമാണ് തന്നെ ഞെട്ടിച്ചതെന്ന് അശ്വിൻ വിവരിക്കുന്നു. “ടീം ഫിസിയോ ആയ കമലേഷ് എൻ്റെ വളരെ നല്ല സുഹൃത്താണ്. എന്നോടൊപ്പം ചെന്നൈയിലേക്ക് പറന്ന് എൻ്റെ കൂടെയിരിക്കാൻ രോഹിത് അവനോട് പറഞ്ഞു. പക്ഷേ ഞാൻ അവനെ പിന്തിരിപ്പിക്കാൻ പറഞ്ഞു. ഞാൻ ഇറങ്ങിയപ്പോൾ സെക്യൂരിറ്റിയും കമലേഷും അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. വിമാനത്താവളത്തിലേക്കുള്ള ഞങ്ങളുടെ യാത്രയ്ക്കിടെ കമലേഷിന് രോഹിതിൽ നിന്ന് ഒരു കോൾ ലഭിച്ചു. എന്നെ ശ്രദ്ധിക്കുകയും ഈ ദുഷ്‌കരമായ സമയത്ത് എന്നോടൊപ്പം ഉണ്ടായിരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. സമയം രാത്രി 9.30 ആയിരുന്നു, ഞാൻ ഞെട്ടിപ്പോയി,”
“എനിക്ക് അതേക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. അവിടെയുള്ള രണ്ടുപേരുമായി മാത്രമെ എനിക്ക് സംസാരിക്കാൻ കഴിഞ്ഞുള്ളൂ. ആരും ഇല്ലെങ്കിലോ? ഞാൻ ഒരു ക്യാപ്റ്റനാണെങ്കിൽ, എൻ്റെ കളിക്കാരോട് നാട്ടിലേക്ക് മടങ്ങാൻ പറയുമോയെന്ന് ഞാനോർത്തു. അതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. എന്നാൽ താരത്തെ ശ്രദ്ധിക്കാൻ ഞാൻ ആളുകളെ വിളിക്കുമോ? എനിക്കറിയില്ല, അവിശ്വസനീയം. രോഹിത് ശർമ്മയിൽ ഒരു മികച്ച നേതാവിനെ ഞാൻ അന്ന് കണ്ടു,” അശ്വിൻ പറഞ്ഞു. ഒരു ക്യാപ്റ്റനെന്ന നിലയിൽ തൻ്റെ കളിക്കാരോട് ഉള്ള വ്യക്തിപരമായ ശ്രദ്ധയും സഹാനുഭൂതിയും ആണ് രോഹിത്തിന്റെ വിജയത്തിന് സംഭാവന നൽകിയതെന്ന് അശ്വിൻ വിശ്വസിക്കുന്നു.
“ഞാൻ നിരവധി ക്യാപ്റ്റൻമാരുടെയും നേതാക്കളുടെയും കീഴിൽ കളിച്ചിട്ടുണ്ട്. പക്ഷേ, രോഹിത്തിൻ്റെ നല്ല മനസ്സാണ് അവനെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയത്. ധോണിക്ക് തുല്യമായി അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയ ഒരാൾ. ദൈവം അത് എളുപ്പം നൽകുന്നില്ല. എല്ലാറ്റിലും വലുതായ എന്തെങ്കിലും അവന് ലഭിക്കണം, അത് ദൈവം അവനു നൽകും. ഇങ്ങനെയുള്ള സ്വാർത്ഥ സമൂഹത്തിൽ, മറ്റൊരാളുടെ സുഖത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരു മനുഷ്യൻ വിരളമാണ്,”
“അതിനു ശേഷം അദ്ദേഹത്തോടുള്ള ബഹുമാനം വളരെയധികം വളർന്നു. ഒരു നേതാവെന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ടായിരുന്നു. അവസാന നിമിഷം വരെ അദ്ദേഹം ഒരു കളിക്കാരനെ ചോദ്യം ചെയ്യാതെ പിന്തുണയ്ക്കുന്നു. അത് എളുപ്പമുള്ള കാര്യമല്ല. ധോണിയും അതുപോലെ തന്നെയാണ്. പക്ഷേ, രോഹിത് അതിലും 10 ചുവടുകൾ മുന്നിലാണ്,” അശ്വിൻ കൂട്ടിച്ചേർത്തു.
ടീമിലേക്ക് മടങ്ങിയെത്തിയ അശ്വിൻ ഏറ്റവും കൂടുതൽ വിക്കറ്റുകൾ (26) നേടിയാണ് പരമ്പര പൂർത്തിയാക്കിയത്. ഇതിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഉൾപ്പെടുന്നു. ഇന്ത്യ ഇംഗ്ലണ്ടിനെ 4-1ന് തകർത്തു. ബ്രണ്ടൻ മക്കല്ലവും ബെൻ സ്റ്റോക്സും ഡ്രസിങ് റൂമിൻ്റെ ചുമതല ഏറ്റെടുത്തതിന് ശേഷം സന്ദർശകർക്ക് ഇത് ആദ്യത്തെ പരമ്പര തോൽവിയിരുന്നു.
Read More
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
- സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
- യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
- ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും