ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര കളിക്കാനെത്തുമ്പോൾ ബാസ്ബോൾ ശൈലിയെ ഇന്ത്യ എങ്ങനെ പ്രതിരോധിക്കുമെന്ന് മാത്രമായിരുന്നു ഏവർക്കും ആശങ്ക. വിരാട് കോഹ്ലി ഉണ്ടെങ്കിൽ ‘കോഹ്ലിബോൾ’ ആകും സന്ദർശകർക്കുള്ള മറുപടിയെന്നായിരുന്നു സുനിൽ ഗവാസ്കർ അടക്കമുള്ള മുതിർന്ന താരങ്ങൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ, അപ്രതീക്ഷിതമായി കോഹ്ലി പിന്മാറിയതോടെ രോഹിത് ശർമ്മയുടെ ചുമലിൽ അധികഭാരം വർധിച്ചിരുന്നു.
ആദ്യ ടെസ്റ്റിൽ വലിയ മാർജിനിലുള്ള തോൽവി വഴങ്ങിയതോടെ കോഹ്ലിക്കൊപ്പം ഇന്ത്യയുടെ കരുത്തു ചോർന്നുപോയെന്നും പലരും വിധിയെഴുതിയതാണ്. എന്നാൽ, രണ്ടാം ടെസ്റ്റ് മുതൽ ഇന്ത്യ തുടർച്ചയായി ജയിച്ചു കയറിയത് യുവരക്തങ്ങളുടെ കരുത്തിലാണെന്ന് പറയാതെ വയ്യ. ക്യാപ്ടൻ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി മികവിനൊപ്പം യുവതാരങ്ങൾ അവസരങ്ങൾ ഫലപ്രദമായി വിനിയോഗിച്ചപ്പോൾ വിരുന്നുകാർ ഇന്ത്യൻ മണ്ണിൽ ചൂഴ്ന്നുപോകുന്ന കാഴ്ചയാണ് കണ്ടത്.
യശസ്വി ജെയ്സ്വാൾ
ഇന്ത്യയുടെ വണ്ടർ കിഡ് തന്നെയാണ് ഈ ഇടങ്കയ്യൻ സ്ട്രോക്ക് പ്ലേയർ ബാറ്റർ. പ്രമുഖരായ എതിരാളികളെ തെല്ലും കൂസാതെ ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കുന്ന ജെയ്സ്വാൾ സ്റ്റൈൽ ഇന്ത്യയ്ക്ക് നൽകുന്ന ഊർജ്ജം ചെറുതൊന്നുമല്ല. സ്ഥിരതയോടെ വലിയ ഇന്നിങ്സുകൾ കളിക്കാനുള്ള ശേഷിയാണ് യുവതാരത്തെ വേറിട്ടു നിർത്തുന്നത്. പരമ്പരയിൽ ഓപ്പണിങ് സഖ്യത്തിൽ രോഹിത് നിറം മങ്ങുമ്പോൾ ജെയ്സ്വാളും, തിരിച്ചും ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയത് ഇന്ത്യയ്ക്ക് വലിയ ഊർജ്ജമാണ് നൽകിയത്. 5 ടെസ്റ്റുകളിലായി 9 ഇന്നിങ്സുകൾ കളിച്ച ജെയ്സ്വാൾ 712 റൺസാണ് വാരിയത്. രണ്ട് ഇരട്ട സെഞ്ചുറിയും 3 ഫിഫ്റ്റികളും ഇതിൽപെടും.
ധ്രുവ് ജുറേൽ
ഇന്ത്യയുടെ ഭാവി ധോണിയെന്ന് സുനിൽ ഗവാസ്കർ വിശേഷിപ്പിച്ച വിക്കറ്റ് കീപ്പർ ബാറ്ററാണ് ധ്രുവ് ജുറേൽ. അവസാനത്തെ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ വിക്കറ്റ് കീപ്പറുടെ ഗ്ലൌ അണിഞ്ഞ താരം വിക്കറ്റിന് പിന്നിലും മുന്നിലും ഒരുപോലെ തിളങ്ങി. നാലാം ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ജുറേൽ നടത്തിയ ഒറ്റയാൾ പ്രകടനം മാത്രം മതിയായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ് ലോകം തിരിച്ചറിയാൻ. അതിവേഗ സ്റ്റമ്പിങ്ങുകൾ കൊണ്ട് എതിരാളികളെ വിറപ്പിക്കാനും ധോണിയെ ഓർമ്മിപ്പിക്കാനും രാജസ്ഥാൻ റോയൽസിന്റെ യുവതാരത്തിനായി.
സർഫറാസ് ഖാൻ
കളിച്ച ചുരുക്കം ചില മത്സരങ്ങൾ കൊണ്ട് തന്നെ ഇന്ത്യൻ ടീമിന്റെ മദ്ധ്യനിരയിലെ ആണിക്കല്ലുകളിലൊരാളായി മാറാൻ സർഫറാസ് ഖാന് കഴിഞ്ഞു. അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് അർധസെഞ്ചുറി പ്രകടനങ്ങൾ നടത്തിയ സർഫറാസ് ഖാൻ അതിവേഗമാണ് ഇന്ത്യൻ ആരാധകരുടെ പ്രിയതാരമായത്. ഏകദിന ശൈലിയിൽ അതിവേഗം റൺസ് നേടാൻ താരത്തിന് കഴിയുന്നുണ്ട്. ധോണിയുടെ പോലുള്ള കരുത്തുറ്റ ശരീരത്തിൽ നിന്ന് മികവുറ്റ സ്ട്രോക്ക് പ്ലേ കാണാൻ കഴിയുന്നുണ്ട്. ഫീൽഡിങ്ങിൽ കാണിക്കുന്ന ചുറുചുറുക്കും ശ്രദ്ധേയമായിരുന്നു.
ജസ്പ്രീത് ബുമ്ര
ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ജസ്പ്രീത് ബുമ്ര നാലാം ടെസ്റ്റിൽ മാത്രമാണ് കളിക്കാതിരുന്നത്. എന്നാൽ, ഇംഗ്ലണ്ട് ബാറ്റർമാർക്ക് റിവേഴ്സ് സ്വിങ്ങുകൾ കൊണ്ട് പേടിസ്വപ്നമായി മാറിയ ബോളറാണ് അദ്ദേഹം. നിർണായക ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലീഷ് ബാറ്റർമാരുടെ ആത്മവിശ്വാസം തകർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മൂന്നാം ടെസ്റ്റിൽ നടത്തിയ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയേകുന്ന പ്രകടനമാണ് ബുമ്ര നടത്തിയത്.
ശുഭ്മൻ ഗിൽ
വിരാട് കോഹ്ലിയുടെ അഭാവത്തിൽ ആ സ്ഥാനത്ത് നിന്ന് ഉത്തരവാദിത്തമുള്ള ഇന്നിങ്സുകൾ കളിക്കുകയെന്ന ചുമതലയാണ് ശുഭ്മൻ ഗില്ലിന് രാഹുൽ ദ്രാവിഡും രോഹിത് ശർമ്മയും നൽകിയത്. ഇന്ത്യൻ ടീമിന് ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം മികച്ച ആങ്കറിങ് ഇന്നിങ്സുകൾ കളിക്കാൻ ഗില്ലിനായി. സ്പിന്നിനെ അതിരറ്റ് തുണയ്ക്കുന്ന ഇന്ത്യൻ പിച്ചുകളിൽ മികച്ച ഇന്നിങ്സുകൾ കളിക്കുകയെന്നത് അനായാസമാണെന്ന് ഗിൽ ചിലപ്പോൾ തോന്നിപ്പിച്ചിരുന്നു, വാസ്തവം അതല്ലെങ്കിലും.
Read More
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
- സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
- യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
- ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും : India vs England Live Score, 5th Test
- ധർമശാല ഈ കൈകളിൽ ഭദ്രം; അഞ്ചാം ടെസ്റ്റിൽ കരുത്തുകാട്ടി സ്പിൻ മാജിക്ക്: India vs England Live Score, 5th Test