ഇന്ത്യയിലെ ആദ്യ ടെന്നീസ് ബോൾ ടി10 ക്രിക്കറ്റ് ടൂർണമെൻ്റ് വർണാഭമാക്കി ക്രിക്കറ്റ്- ചലച്ചിത്ര താരങ്ങൾ. സച്ചിൻ ടെണ്ടുൽക്കർ, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, രാം ചരൺ, സൂര്യ തുടങ്ങി വമ്പൻ താരനിരയാണ് ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. പരിപാടിയിൽ രാം ചരൺ നായകനായ “നാട്ടു നാട്ടു” എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന താരങ്ങളുടെ വീഡിയോയാണ് ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കി വൈറലാകുന്നത്.
നിരവധി ആരാധകരാണ് താരങ്ങളുടെ പ്രകടനത്തിൽ സ്നേഹം പങ്കുവച്ച് കമന്റുമായെത്തിയത്. ചലച്ചിത്ര താരങ്ങളുടെ ഉടമസ്ഥതയിലുള്ള വിവിധ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. അക്ഷയ് കുമാറിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീനഗർ കെ വീർ, അമിതാഭ് ബച്ചൻ്റെ ഉടമസ്ഥതയിലുള്ള മജ്ഹി മുംബൈ, ഹൃത്വിക് റോഷൻ്റെ ഉടമസ്ഥതയിലുള്ള ബാംഗ്ലൂർ സ്‌ട്ടിക്കേഴ്‌സ്, സൂര്യയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സിങ്കംസ്, രാം ചരണിൻ്റെയും ഉടമസ്ഥതയിലുള്ള ഫാൽക്കൺ റൈസേഴ്സ് ഹൈദരാബാദ് എന്നവയാണ് ടൂർണമെന്റിലെ പ്രമുഖ ടീമുകൾ.
ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൻ്റെ ആദ്യ ദിനം ടീമുകളുടെ ഉടമകളെ ഫീൽഡിൽ ക്രമീകരിച്ച സെൻ്റർ സ്റ്റേജിലേക്ക് ക്ഷണിച്ചിരുന്നു. ടൈഗേഴ്‌സ് ഓഫ് കൊൽക്കത്തയുടെ ഉടമകളായ കരീന കപൂറും സെയ്ഫ് അലി ഖാനും സ്റ്റേഡിയത്തിൽ സന്നിഹിതരായിരുന്നു. എന്നാൽ ബാംഗ്ലൂർ ടീമിൻ്റെ ഉടമയായ ഹൃത്വിക് റോഷൻ പരിപാടിയിൽ പങ്കെടുത്തില്ല.
ഇന്ത്യയിലെ ആദ്യത്തെ ടെന്നീസ് ബോൾ ടി10 ക്രിക്കറ്റ് ടൂർണമെൻ്റാണ് ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ്. മാർച്ച് 6 മുതൽ 15 വരെ മുംബൈയിലാണ് ഐഎസ്പിഎൽ നടക്കുക.