ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ നായകനായി പ്രഖ്യാപിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഇത്തവണ 20.50 കോടി രൂപയ്ക്കാണ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രമായിരുന്നു കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ചത്. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്തായാണ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്.
കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഹൈദരാബാദിനെ നയിക്കാനെത്തുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് കമ്മിന്‍സ്. 2022ല്‍ കെയ്ന്‍ വില്യംസണും കഴിഞ്ഞ സീസണില്‍ ഏയ്ഡന്‍ മാര്‍ക്രവുമായിരുന്നു ഹൈദരാബാദിനെ നയിച്ചത്. ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ ഐപിഎല്ലില്‍ നിന്ന് കമ്മിന്‍സ് വിട്ടുനിന്നിരുന്നു.
ഓസ്ട്രേലിയയെ ലോക ചാമ്പ്യന്മാരാക്കിയാണ് കമ്മിന്‍സ് ഹൈദരാബാദിന്റെ നായകായെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയെ ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീട നേട്ടങ്ങളിലേക്ക് നയിക്കാന്‍ പാറ്റ് കമ്മിന്‍സിന് സാധിച്ചിരുന്നു. രണ്ടു തവണയും ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസീസ് കിരീടത്തിൽ മുത്തമിട്ടത്.
എന്നാല്‍ ഇത്തവണ താരലേലത്തില്‍ ഓസ്ട്രേലിയക്കായി ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിനെയും ശ്രീലങ്കന്‍ താരം വനിന്ദു ഹസരങ്കയേയുമെല്ലാം ടീമിലെത്തിച്ച ഹൈദരാബാദ് കരുത്തുറ്റ ടീമുമായാണ് ഐപിഎല്ലിനിറങ്ങുന്നത്. മാര്‍ച്ച് 23ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആണ് സീസണില്‍ ഹൈദരാബാദിന്റെ ആദ്യ മത്സരം.
Read More
- ‘ബൂം ബൂം ബുമ്ര’ തിരിച്ചെത്തും; അഞ്ചാം ടെസ്റ്റിൽ യുവതാരത്തെ പുറത്താക്കും
- യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്സ്