ക്രിക്കറ്റ് പ്രേമികളുടെ ആവേശം വാനോളം ഉയർത്തി കുട്ടിക്രിക്കറ്റിന് മാർച്ചിൽ കൊടിയേറും. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പതിനേഴാമത് എഡിഷൻ മാർച്ച് 22 മുതൽ ആരംഭിക്കുമെന്നും പൊതുതിരഞ്ഞെടുപ്പുകൾക്കിടയിൽ പൂർണമായും ഇന്ത്യയിൽ കളിനടത്തുമെന്നും ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ സ്ഥിരീകരിച്ചു.
ആദ്യ 15 ദിവസത്തേക്കുള്ള ഷെഡ്യൂൾ മാത്രമേ പ്രഖ്യാപിക്കൂവെന്നും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം ബാക്കി മത്സരങ്ങൾ തീരുമാനിക്കുമെന്നും ഐപിഎൽ ചെയർമാൻ പറഞ്ഞു . വരാനിരിക്കുന്നത് പൊതുതിരഞ്ഞെടുപ്പ് ആണെങ്കിലും ടൂർണമെൻ്റ് പൂർണമായും ഇന്ത്യയിൽ തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
“മാർച്ച് 22 ന് ടൂർണമെൻ്റ് ആരംഭിക്കാൻ ഞങ്ങൾ നോക്കുകയാണ്. ഞങ്ങൾ സർക്കാർ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നു, ആദ്യം പ്രാരംഭ ഷെഡ്യൂൾ ഞങ്ങൾ പുറത്തുവിടും. ടൂർണമെൻ്റ് മുഴുവൻ ഇന്ത്യയിലായിരിക്കും നടക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾക്കായി ഞങ്ങൾ കാത്തിരിക്കുന്നത്, അതനുസരിച്ച് വേദികൾ ആസൂത്രണം ചെയ്യാൻ കഴിയും,” അരുൺ ധുമാൽ പറഞ്ഞു.
പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്, ഇതാദ്യമല്ല. 2009-ലെ, തിരഞ്ഞെടുപ്പിനെ തുടർന്ന് ഐപിഎല്ലിൻ്റെ രണ്ടാം സീസൺ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു. 2014 സീസണിലെ ആദ്യ 20 മത്സരങ്ങൾ യുഎഇയിലും ബാക്കി ഇന്ത്യയിലുമാണ് നടന്നത്. എന്നാൽ, 2019-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും ഇന്ത്യയിൽ തന്നെയായിരുന്നു സംഘടിപ്പിച്ചത്.