ആഭ്യന്തര റെഡ്-ബോൾ ക്രിക്കറ്റിനേക്കാൾ കളിക്കാർ ഐപിഎല്ലിന് മുൻഗണന നൽകുന്ന പ്രവണതയ്ക്കെതിരെ ഇന്ത്യൻ ക്രിക്കറ്റിലെ മുൻനിര താരങ്ങൾക്കടക്കം മുന്നറിയിപ്പ് നൽകി ബിസിസിഐ. ആഭ്യന്തര റെഡ് ബോൾ മത്സരങ്ങൾ ഒഴിവാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ മുൻനിര ക്രിക്കറ്റ് താരങ്ങൾക്ക് അയച്ച കത്തിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റ് ദേശീയ ടീമിലേക്കുള്ള “തിരഞ്ഞെടുപ്പിനുള്ള നിർണായക മാനദണ്ഡമായി” തുടരുന്നുവെന്നും അതിൽ പങ്കെടുക്കാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ” ഉണ്ടാക്കും ജയ് ഷാ കത്തിലൂടെ മുന്നറിയിപ്പ് നൽകി. ആഭ്യന്തര റെഡ്-ബോൾ ക്രിക്കറ്റിനേക്കാൾ ഐപിഎല്ലിന് മുൻഗണന നൽകുന്ന കളിക്കാരുടെ പ്രവണതയെക്കുറിച്ചാണ് കത്തിലെ പ്രധാന വിമർശനം.
“അടുത്തിടെ ഉയർന്നുവരാൻ തുടങ്ങിയ ഒരു പ്രവണതയുണ്ട്, അത് ആശങ്കയ്ക്ക് കാരണമാകുന്നു. ചില കളിക്കാർ ആഭ്യന്തര ക്രിക്കറ്റിനേക്കാൾ ഐപിഎല്ലിന് മുൻഗണന നൽകാൻ തുടങ്ങിയിട്ടുണ്ട്, ഇത് തെറ്റായ തരത്തിലുള്ള ഒരു മാറ്റമാണ്. ആഭ്യന്തര ക്രിക്കറ്റാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ അടിസ്ഥാനം, കായികരംഗത്തെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടിൽ അതിനെ ഒരിക്കലും വിലകുറച്ച് കണ്ടിട്ടില്ല, ”ഷാ കത്തിൽ പറഞ്ഞു.
“ആഭ്യന്തര ക്രിക്കറ്റ് ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ലായി മാറുകയും ടീം ഇന്ത്യയുടെ ഫീഡർ ലൈനായി പ്രവർത്തിക്കുകയും ചെയ്യുന്നു” എന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞു. “ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് തുടക്കം മുതൽ തന്നെ വ്യക്തമാണ് – ഇന്ത്യക്ക് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്ന ഓരോ ക്രിക്കറ്റ് താരവും ആഭ്യന്തര ക്രിക്കറ്റിൽ കഴിവ് തെളിയിക്കണം. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം സെലക്ഷനുള്ള നിർണായക അളവുകോലായി തുടരുന്നു, ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, ”ജയ് ഷാ എഴുതി.
അതേ സമയം ആഭ്യന്തര ക്രിക്കറ്റിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച ബോർഡിന്റെ ആശങ്കകളും കത്തിൽ പങ്കുവയ്ക്കുന്നു.
ഐപിഎല്ലിന്റെ ജനപ്രീതിയിലും വിജയത്തിലും ബോർഡ് അഭിമാനിക്കുമ്പോൾ, കളിക്കാർ ആഭ്യന്തര റെഡ്-ബോൾ ഗെയിമിന് മുൻഗണന നൽകണമെന്നും ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനുള്ള ഒരു ചവിട്ടുപടിയായി അതിനെ കാണണമെന്നും ഷാ എഴുതി.
വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ ഇഷാൻ കിഷൻ ഉൾപ്പെടെയുള്ള കളിക്കാർ, ഫിറ്റ്നസ് നിലനിർത്താനും വരാനിരിക്കുന്ന ഐപിഎൽ സീസണിനായി തയ്യാറെടുക്കാനുമായി നിലവിൽ നടക്കുന്ന രഞ്ജി ട്രോഫിയിൽ കളിക്കുന്നത് ഒഴിവാക്കിയതിന് പിന്നാലെയാണ് ബിസിസിഐയുടെ ഇടപെടൽ. കിഷൻ, ശ്രേയസ് അയ്യർ, ദീപക് ചാഹർ തുടങ്ങിയവരാണ് വെള്ളിയാഴ്ച ആരംഭിച്ച രഞ്ജി ട്രോഫി മത്സരങ്ങളുടെ അവസാന റൗണ്ട് ഒഴിവാക്കിയിരിക്കുന്നത്.
ആഭ്യന്തര ടൂർണമെന്റുകളിൽ തങ്ങളുടെ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കാനുള്ള എല്ലാ അവസരങ്ങളും മുൻകാല കളിക്കാർ സ്വീകരിച്ചതിന്റെ ഉദാഹരണങ്ങളും ഷാ ഉദ്ധരിച്ചു. “സുനിൽ ഗവാസ്‌കറെപ്പോലുള്ള ഇതിഹാസങ്ങൾ ഈ സമർപ്പണത്തിന്റെ മാതൃകയാണ്, അവർ ഒരു അന്താരാഷ്ട്ര പര്യടനത്തിൽ നിന്ന് എത്തിയ രാവിലെ ക്ലബ് ക്രിക്കറ്റ് കളിച്ചു. ആഭ്യന്തര ക്രിക്കറ്റിനെ വെറുമൊരു പ്രതിബദ്ധതയായിട്ടല്ല മറിച്ച് ഒരു ഉത്തരവാദിത്തമായും അഭിമാനത്തിന്റെ സ്രോതസ്സായും അവർ കണ്ടിരുന്നു ”അദ്ദേഹം എഴുതി.
ആഭ്യന്തര റെഡ്-ബോൾ ക്രിക്കറ്റ് കളിക്കുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന കേന്ദ്ര കരാറുള്ള കളിക്കാരുടെ നിലപാട് ബോർഡ് വെച്ചുപൊറുപ്പിക്കില്ലെന്ന് ഈ ആഴ്ച ആദ്യം ബിസിസിഐ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
- “അവർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി’; തുറന്നുസമ്മതിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്