ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കെ.എല്‍. രാഹുല്‍ കളിക്കില്ലെന്നുറപ്പായതോടെ ഇന്ത്യൻ ക്യാമ്പിൽ വീണ്ടും നിരാശ. നേരത്തെ വിരാട് കോഹ്ലി പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. രാജ്കോട്ടിലെ മൂന്നാം ടെസ്റ്റില്‍ ഇനി രവീന്ദ്ര ജഡേജ കളിക്കുമോയെന്ന ആശയക്കുഴപ്പമാണ് നിലവിലുള്ളത്.
ഹൈദരാബാദിലെ ആദ്യ ടെസ്റ്റിലാണ് രവീന്ദ്ര ജഡേജയ്ക്ക് ഹാംസ്ട്രിങ് പരുക്കേറ്റത്. ഇതിന് പിന്നാലെ ചികിത്സയ്ക്കായി താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോയി. വാര്‍ത്താക്കുറിപ്പിലൂടെ രാഹുൽ കളിക്കില്ലെന്ന് അറിയിച്ച ബി.സി.സി.ഐ പക്ഷേ രവീന്ദ്ര ജഡേജയുടെ കാര്യം പറയുന്നില്ല. ജഡേജ രാജ്കോട്ടില്‍ കളിച്ചേക്കുമെന്ന സൂചന മാത്രമാണ് ഇപ്പോഴുള്ളത്.
രാഹുല്‍ തുടര്‍ പരിശീലനത്തിനായി ഇപ്പോഴും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുമ്പോള്‍ ജഡേജ രാജ്കോട്ടില്‍ ടീമിനൊപ്പം ചേര്‍ന്നത്, മൂന്നാം ടെസ്റ്റിൽ കളിക്കും എന്നതിന് തെളിവായി ക്രിക്കറ്റ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫിറ്റ്നസ് വീണ്ടെടുത്താൽ രവീന്ദ്ര ജഡേജ രാജ്കോട്ട് ടെസ്റ്റില്‍ നേരിട്ട് പ്ലേയിങ് ഇലവനിലെത്തും.
ജഡേജ തിരിച്ചെത്തിയാൽ അക്സര്‍ പട്ടേലോ കുല്‍ദീപ് യാദവോ ടീമിന് പുറത്തിരിക്കേണ്ടി വരും. 69 ടെസ്റ്റ് മത്സരങ്ങളില്‍ 2893 റണ്‍സും 280 വിക്കറ്റും രവീന്ദ്ര ജഡേജയുടെ പേരിലുണ്ട്. മൂന്ന് ടെസ്റ്റ് സെഞ്ചുറികളും 12 അഞ്ച് വിക്കറ്റ് നേട്ടവും ജഡേജ സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ഹൈദരാബാദ് ടെസ്റ്റിനിടെ തന്നെ പരിക്കേറ്റ പരിക്കേറ്റ കെ.എല്‍. രാഹുല്‍ ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുക്കുന്നതേയുള്ളൂ. കെ.എല്‍. രാഹുല്‍ 90 ശതമാനം ഫിറ്റ്നസ് വീണ്ടെടുത്തതായും ബി.സി.സി.ഐ മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ ഫിറ്റ്നസ് നന്നായി കൈവരിക്കുന്നതായുമാണ് വാര്‍ത്താക്കുറിപ്പില്‍ ബി.സി.സി.ഐ വ്യക്തമാക്കിയത്. നാല്, അഞ്ച് ടെസ്റ്റുകളില്‍ കളിക്കുക ലക്ഷ്യമിട്ട് താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം തുടരും എന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.