റിയാദിൽ നടന്ന സീസൺ കപ്പ് പരമ്പരയ്ക്ക് മുമ്പേ തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മിഡിൽ ഈസ്റ്റിൽ രണ്ട് ഫ്രണ്ട്ലി മത്സരങ്ങളടങ്ങിയ ടൂർണമെന്റ് ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രതിഭാധനരായ ഇതിഹാസങ്ങളുടെ കൊമ്പുകോർക്കലിന് വേദിയാകുന്നു എന്നതായിരുന്നു ഏറ്റവും പ്രധാനം. എന്നാൽ, പ്രതീക്ഷകൾക്ക് വിപരീതമായി നിരാശയേകുന്നതായിരുന്നു മത്സര ഫലങ്ങളെല്ലാം.
എട്ട് ബാലൺഡിയോർ കിരീടങ്ങളുടെ ഗരിമയുമായെത്തിയ ലയണൽ മെസ്സി രണ്ട് മത്സരങ്ങളിലും പ്രതിഭയുടെ നിഴൽ മാത്രമായി മാറുന്ന കാഴ്ചയാണ് കളത്തിൽ കാണാനായത്. സൗദി പ്രോ ലീഗിലെ വമ്പന്മാരായ അൽ ഹിലാലിനോടും അൽ നസറിനോടും വലിയ ഗോൾവ്യത്യാസത്തിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി തോറ്റുവെന്നത് മെസ്സി ആരാധകരെ പാടെ നിരാശരാക്കുന്നുണ്ട്. ലൂയിസ് സുവാരസും ജോർഡി ആൽബയും സെർജിയോ ബുസ്കറ്റ്സുമെല്ലാം അടങ്ങുന്ന താരനിര അറേബ്യൻ മണ്ണിൽ കിതയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.
അൽ ഹിലാലിനോട് 3-0ന് തോറ്റ മെസ്സിപ്പടയെ, ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ അൽ നസ്സർ ഗോൾമഴയിൽ മുക്കുകയും ചെയ്തു. ഒരു ഗോൾ പോലും തിരിച്ചടിക്കാനാകാതെയാണ് സുവാരസ്-മെസ്സി മുന്നേറ്റനിര മരുഭൂമി വിട്ടത്. റിയാദിൽ നിന്ന് ഹോങ്കോങ്ങിലേക്കാണ് ഇനി മെസ്സിയും സംഘവും പോവുക. ടീം ഇതിനോടകം ഹോങ്കോങ്ങിൽ എത്തിയതായി ടീം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഗംഭീര സ്വീകരണമാണ് വിമാനത്താവളത്തിൽ മെസ്സിയേയും സംഘത്തേയും കാത്തിരുന്നത്.
അൽ നസറിന്റെ നായകനും സെൻട്രൽ സ്ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കളിക്കാനായില്ലെന്നാണ് ഫുട്ബോൾ ആരാധകരെ ആദ്യമേ നിരാശരാക്കിയത്. കാലിനേറ്റ പരിക്കിൽ നിന്ന് പൂർണമായും മോചിതനാകാത്തതും ഫിറ്റ്നസ് പ്രശ്നങ്ങളുമാണ് GOATകളുടെ അവസാന അങ്കം ഇല്ലാതാക്കിയത്. പി എസ് ജി – സൗദി ഓൾ സ്റ്റാർസ് പ്രദർശന മത്സരത്തിലാണ് ഇരുവരും അവസാനമായി കളിച്ചത്. അന്ന് 4-3ന് മെസ്സിയുടെ സംഘം ജയിച്ചിരുന്നു. മെസ്സിയും ഒരു ഗോൾ നേടി. ഇരട്ട ഗോളുകളുമായി കളിയിലെ താരമായി മാറിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു.
മെസ്സി-ക്രിസ്റ്റ്യാനോ പോരാട്ടം ഇനിയുണ്ടാകില്ലേയെന്നാണ് ആരാധകർക്ക് ആശങ്കപ്പെടുന്നത്. ഇതേക്കുറിച്ച് നിലവിൽ താരങ്ങളോ അവരുടെ ക്ലബ്ബുകളോ പ്രതികരിച്ചിട്ടില്ല. എന്നെങ്കിലുമൊരിക്കൽ ഇരുവരും വീണ്ടും കൊമ്പുകോർക്കുമെന്നാണ് ഇരുവരുടേയും കടുത്ത ആരാധകർ പ്രതീക്ഷിക്കുന്നത്.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു