റിയാദ്: മെസ്സിയും സുവാരസും ഗോളടിച്ചു കൂട്ടിയ രാവിൽ റിയാദ് സീസൺ കപ്പിലെ ആദ്യ മത്സരത്തിൽ പിറന്നത് ഗോൾമഴ. അവസാന മിനിറ്റ് വരെ ആവേശംനിറച്ച താരപ്പോരിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമി നെയ്മറുടെ ടീമായ അൽ ഹിലാലിനോട് 4-3ന് അടിയറവ് പറഞ്ഞു. ബാഴ്സലോണ വിട്ട ശേഷം മെസ്സിയും സുവാരസും ഒന്നിച്ചെത്തുന്നു എന്നതായിരുന്നു ഈ മത്സരത്തിന്റെ പ്രധാന ആകർഷണം.
നാളുകളായി പരിക്കിന്റെ പിടിയിലുള്ള നെയ്മറുടെ അഭാവത്തിലും മെസ്സിയേയും കൂട്ടരേയും തോൽപ്പിക്കാനായെന്നതാണ് അൽ ഹിലാലിന്റെ കരുത്ത് കൂട്ടുന്നത്. ക്രിസ്റ്റ്യാനോയുടെ അൽ നസറിനേയും പിന്നിലാക്കി നിലവിൽ സൗദി പ്രോ ലീഗിലെ ടോപ്പർമാരാണ് അവർ. ഇന്റർ മയാമിക്കായി ലൂയിസ് സുവാരസ് തന്റെ ആദ്യ ഗോൾ കണ്ടെത്തിയ മത്സരം കൂടിയായിരുന്നു ഇത്. ഒപ്പം പെനാൽറ്റിയിലൂടെ ലയണൽ മെസ്സിയും ഗോളടിച്ചു. എങ്കിലും അവസാന നിമിഷം പരാജയപ്പെടാനായിരുന്നു ഇന്റർ മയാമിയുടെ വിധി.
സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിന്റെ 88ാം മിനിറ്റിലാണ് അൽ ഹിലാലിന്റെ വിജയഗോൾ പിറന്നത്. ബ്രസീലിയൻ താരം മാൽകോം വല കുലുക്കി. ആദ്യ പകുതിയിൽ 3-1ന് പിന്നിട്ടു നിന്ന ശേഷം മെസ്സിയും സംഘവും ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ അലക്സാണ്ടർ മിട്രോവിച്ച് അൽ ഹിലാലിന്റെ ആദ്യ ഗോൾ നേടി. 13ാം മിനിറ്റിൽ അബ്ദുല്ല അൽ ഹംദാന്റെ ഗോളിലൂടെ അൽ ഹിലാൽ വീണ്ടും മുന്നിലെത്തി.
34ാം മിനിറ്റിൽ സുവാരസിലൂടെ ഒരു ഗോൾ തിരിച്ചടിക്കാൻ ഇന്റർ മയാമിക്ക് സാധിച്ചു. എന്നാൽ 44ാം മിനിറ്റിൽ ബ്രസീലിയൻ താരം മൈക്കൽ അൽ ഹിലാലിന്റെ ലീഡ് 3-1 ആയി ഉയർത്തി. രണ്ടാം പകുതിയിൽ 54ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലയണൽ മെസ്സി ഗോൾ നേടി. തൊട്ടടുത്ത മിനിറ്റിൽ ഡേവിഡ് റൂയിസ് ഇന്റർ മയാമിയെ ഒപ്പമെത്തിച്ചു. എന്നാൽ 88ാം മിനിറ്റിലെ മാൽകോമിന്റെ ഗോളിൽ അൽ ഹിലാൽ വിജയം പിടിച്ചെടുത്തു.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു