കയ്യിലൊതുങ്ങാത്ത ക്രിക്കറ്റ് ബാറ്റിനെയും പന്തിനെയും ഹൃദയം കൊണ്ട് ആരാധിക്കുന്ന ഒരു മനുഷ്യൻ. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ തന്നെ, അമീർ ഹുസൈൻ ലോണെ എന്ന 34കാരനായ ഭിന്നശേഷിക്കാരൻ ക്രിക്കറ്റ് താരത്തെ പ്രശംസിക്കാൻ വാക്കുകൾ തിരഞ്ഞ് ബുദ്ധിമുട്ടിയിരിക്കുകയാണ്. എന്താണ് ഇത്ര പുതുമയെന്നല്ലേ? കാര്യം അത്ര നിസ്സാരമല്ല.
വളറെ ചെറുപ്പത്തിലേ ഒരു അപകടത്തിൽ രണ്ട് കൈകളും നഷ്ടപ്പെട്ടതാണ് അമീറിന്. കൈക്കരുത്തില്ലെങ്കിലും, മനക്കരുത്ത് കൊണ്ട് അദ്ദേഹം ഇന്ന് ജമ്മു കശ്മീർ പാരാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനാണ്. കഴിഞ്ഞ ദിവസമാണ് അമീറിനെ കുറിച്ചുള്ള ഹൃദയസ്പർശിയായ വാർത്ത ദേശീയ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടത്.
ജമ്മു കശ്മീരിലെ ബിജ്‌ബെഹാരയിലെ വാഘമ ഗ്രാമത്തിലാണ് അമീർ ഹുസൈൻ ലോണെയും കുടുംബവും താമസിക്കുന്നത്. എട്ട് വയസ്സുള്ളപ്പോൾ പിതാവിന്റെ മില്ലിൽ വച്ചുണ്ടായ അപകടത്തിലാണ് അമീറിന് രണ്ട് കൈകളും നഷ്ടപ്പെട്ടത്. എന്നാൽ അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന് മുന്നിൽ പകച്ച് നിൽക്കാതെ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന യുവാവിന്റെ വീഡിയോ ആരുടേയും ഹൃദയം നിറയ്ക്കുന്നതാണ്.
#WATCH | Anantnag, J&K: 34-year-old differently-abled cricketer from Waghama village of Bijbehara. Amir Hussain Lone currently captains Jammu & Kashmir’s Para cricket team. Amir has been playing cricket professionally since 2013 after a teacher discovered his cricketing talent… pic.twitter.com/hFfbOe1S5k
— ANI (@ANI) January 12, 2024
ഒരു അധ്യാപകനാണ് തന്റെ ക്രിക്കറ്റ് കഴിവ് കണ്ടെത്തി പാരാ ക്രിക്കറ്റിലേക്ക് പരിചയപ്പെടുത്തിയത് എന്ന് അമീർ പറയുന്നു. 2013 മുതൽ താൻ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നും അമീർ വെളിപ്പെടുത്തുന്നു. വൈറൽ വീഡിയോയിൽ തനിക്കേറ്റവും പ്രിയപ്പെട്ട സച്ചിന്റെ ജേഴ്സിയിലാണ് അമീർ ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. ഇടത് തോളിനും കഴുത്തിനും ഇടയിൽ ബാറ്റ് കുരുക്കിവെച്ച് അദ്ദേഹം ബാറ്റ് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പ്രചരിച്ചിരുന്നു. കാലുകൾ കൊണ്ട് കൃത്യതയോടെ പന്തെറിയാനും അമീറിന് അറിയാം.
And Amir has made the impossible possible. I am so touched watching this! Shows how much love and dedication he has for the game.
Hope I get to meet him one day and get a jersey with his name. Well done for inspiring millions who are passionate about playing the sport. https://t.co/s5avOPXwYT
— Sachin Tendulkar (@sachin_rt) January 12, 2024
അപ്രതീക്ഷിമെന്ന് പറയട്ടെ, ഈ വീഡിയോ സാക്ഷാൽ സച്ചിന്റേയും ശ്രദ്ധയിൽപ്പെട്ടു. ക്രിക്കറ്റിനെ ഇത്രയധികം സ്നേഹിക്കുന്ന കശ്മീരി യുവാവിന്റെ വീഡിയോ സാക്ഷാൽ സച്ചിൻ തന്നെ, അഭിനന്ദന കുറിപ്പിനോടൊപ്പം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അമീർ അസാദ്ധ്യമായതിനെ സാധ്യമാക്കിയെന്നും കോടിക്കണക്കിന് ആളുകൾക്ക് പ്രചോദനമാണെന്നും സച്ചിൻ അഭിനന്ദിച്ചു.
“അമീർ അസാദ്ധ്യമായതിനെ സാധ്യമാക്കിയിരിക്കുകയാണ്. ഈ വീഡിയോ എന്നെ ആഴത്തിൽ സ്പർശിച്ചു. ഈ കളിയുടെ അദ്ദേഹത്തിന്റെ സ്നേഹവും ആത്മാർത്ഥതയുമാണ് എനിക്ക് കാണാനായത്. അദ്ദേഹത്തിന്രെ പേരെഴുതിയ ഒരു ജഴ്സിയുമായി താരത്തെ ഒരിക്കൽ നേരിൽ കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റ് കളിക്കാനാഗ്രഹിക്കുന്ന കോടിക്കണക്കിനാളുകളെ പ്രചോദിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ,” സച്ചിൻ എക്സിൽ കുറിച്ചു.
സച്ചിൻ പങ്കുവച്ച ട്വീറ്റ് 9 മില്ല്യണോളം ആളുകളാണ് എക്സിൽ ഇതുവരെ കണ്ടത്. ഇതുവരെ 2100 പേർ ഈ ട്വീറ്റ് റീഷെയർ ചെയ്യുകയും ചെയ്തിട്ടുള്ളത്. 23,000 പേർ വീഡിയോയ്ക്ക് ലൈക്കും നൽകിക്കഴിഞ്ഞു.
Read More