പുതിയ സീസണിൽ കിരീട പ്രതീക്ഷയുമായി രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിനിറങ്ങിയ
സഞ്ജു സാംസൺ നയിക്കുന്ന കേരള ടീമിന് ആദ്യ മത്സരത്തിൽ സമനില കുരുക്ക്. അവസാന ദിവസം ജയിക്കാൻ രണ്ട് സെഷനുകളിൽ നിന്ന് 383 റൺസായിരുന്നു കേരള ടീമിന് വേണ്ടിയിരുന്നത്.
ടീ ബ്രേക്കിന് പിരിയുമ്പോൾ 24 ഓവറിൽ 72/2 എന്ന നിലയിലായിരുന്നു മലയാളിപ്പട ബാറ്റിങ്ങ് ചെയ്തത്. വെളിച്ചക്കുറവ് മൂലം നാലാം ദിനം കളിയവസാനിപ്പിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു.
ഒന്നാം ഇന്നിംഗ്‌സില്‍ 59 റണ്‍സ് ലീഡ് നേടിയ യുപി കേരളത്തിന് കളിയുടെ ഒരു ഘട്ടത്തിലും മുന്നേറാൻ അവസരമൊരുക്കിയില്ല. റിങ്കു സിങ്ങും കുൽദീപ് യാദവും ഉൾപ്പെടുന്ന യുപി ശക്തരായിരുന്നു. 383 റൺസ് തേടി ബാറ്റ് വീശിയ കേരളത്തിന് അക്കൗണ്ട് തുറക്കും മുമ്പേ ഓപ്പണർ കൃഷ്ണപ്രസാദിന്റെ (0) വിക്കറ്റ് നഷ്ടമായി.
ഈ സമയം സ്കോർ ബോർഡിൽ 13 റൺസായിരുന്നു കേരളത്തിന്റെ സമ്പാദ്യം. സൗരഭ് കുമാർ എറിഞ്ഞ ആറാം ഓവറിലെ ആദ്യ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. സ്കോർ 70ൽ നിൽക്കെ രണ്ടാമത്തെ ഓപ്പണർ രോഹൻ കുന്നുമ്മലിനേയും (42) കേരളത്തിന് നഷ്ടമായി. കുൽദീപ് യാദവാണ് വിക്കറ്റെടുത്തത്.
രോഹൻ പ്രേം (29), സച്ചിൻ ബേബി (1) എന്നിവരാണ് ക്രീസിലുള്ളത്. താരതമ്യേന ഭേദപ്പെട്ട തുടക്കമാണ് കേരളത്തിന് ലഭിച്ചത്. സഞ്ജു സാംസണ് രണ്ടാമിന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. ഒന്നാമിന്നിംഗ്സിൽ 35 റൺസെടുത്ത് പുറത്തായിരുന്നു.
ആലപ്പുഴ എസ് ഡി കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ യുപി രണ്ടാം ഇന്നിംഗ്‌സ് മൂന്നിന് 323 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആര്യന്‍ ജുയല്‍ (115), പ്രിയം ഗാര്‍ഗ് (106) എന്നിവരുടെ സെഞ്ചുറിയാണ് യുപിയെ മികച്ച ലീഡിലേക്ക് നയിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ യുപിക്ക് 59 റണ്‍സ് ലീഡുണ്ടായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുപി 302 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 243 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.
Read More