ഡൽഹി: പറഞ്ഞ പോലെ ഒടുവിൽ ബിസിസിഐ വാക്കുപാലിച്ചു. ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ നേടിയ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഇടംപിടിച്ചിരിക്കുകയാണ്. ഈ പരമ്പരയിൽ റാഷിദ് ഖാനെ സിക്സർ പറത്തി സഞ്ജു ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകരെല്ലാം.
ഏകദിന കരിയറിൽ ടീമിൽ നിന്ന് പുറത്താകുമെന്ന ഘട്ടത്തിൽ നിൽക്കെയാണ്, പരമ്പരയിലെ നിർണായക മത്സരത്തിൽ തിളങ്ങി ഇന്ത്യൻ ടീമിനെ മലയാളി താരം വിജയത്തിലെത്തിച്ചത്. വിരാട് കോഹ്ലിക്കും ഗാംഗുലിക്കും ഒപ്പം ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ സെഞ്ചുറി നേടിയ ചുരുക്കം താരങ്ങളിലൊരാളാണ് സഞ്ജു ഇപ്പോൾ. ഏറ്റവും പ്രധാനപ്പെട്ട കാര്യം, രാജസ്ഥാൻ റോയൽസ് നായകൻ തന്റെ ആത്മവിശ്വാസം തിരിച്ചുപിടിച്ചു എന്നതാണ്. പക്വതയാർന്ന ഇന്നിംഗ്സാണ് സഞ്ജു മെനഞ്ഞെടുത്തത് എന്നതാണ് മുതിർന്ന താരങ്ങളടക്കം പ്രശംസിച്ചിരുന്നു.
അതേസമയം, ഏറെ ചർച്ചകൾക്ക് വഴിവച്ച ശേഷം രോഹിത് ശര്‍മ്മ വീണ്ടും ടി20 ടീമിന്റെ ക്യാപ്റ്റനായി തിരിച്ചെത്തി എന്നുള്ളതാണ് മറ്റൊരു പ്രധാന സവിശേഷത. സൂപ്പർ താരം വിരാട് കോഹ്ലിയും ടീമിലിടം നേടി. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തിയാണ് ഇരുവരും ടീമിലെത്തിയത്. സഞ്ജുവിനെ കൂടാതെ ജിതേഷ് ശര്‍മ്മയാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. അതേസമയം, ഇഷാന്‍ കിഷനെ ടീമിലേക്ക് പരിഗണിച്ചില്ല. കെ എല്‍ രാഹുലിനും വിശ്രമം അനുവദിച്ചു. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി20 പരമ്പര ഈ മാസം 11നാണ് ആരംഭിക്കുന്നത്.
കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലില്‍ പരാജയപ്പെട്ട ശേഷം, രോഹിത്തും കോഹ്ലിയും ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചത്. ഹാര്‍ദിക്കിന് പരിക്കേറ്റപ്പോള്‍ സൂര്യകുമാര്‍ യാദവിനേയും നായകനാക്കിയിരുന്നു. നിലവില്‍ ഇരുവര്‍ക്കും പരിക്കാണ്. അതുകൊണ്ട് തന്നെ ടീമിലേക്ക് പരിഗണിച്ചില്ല. റുതുരാജ് ഗെയ്ക്ക് വാദിനും ടീമിലിടം നേടാനായില്ല.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.
Read More