മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകി ഇന്ത്യൻ സ്പിൻ മാന്ത്രികൻ രവിചന്ദ്രൻ അശ്വിൻ. കഴിവുകളും താരങ്ങളും ധാരാളമുണ്ടായിട്ടും മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ടീമുകളിലൊന്നാണ് ഇന്ത്യയെന്നാണ് വോൺ ഒരു ചാനൽ ചർച്ചയിൽ ചൂണ്ടിക്കാട്ടിയത്.
“അടുത്ത കാലത്തൊന്നും അവർ വിജയിച്ചിട്ടില്ല. അവർ മോശം ടീം ആണെന്ന് ഞാൻ കരുതുന്നു. അവർ ഒന്നും നേടുന്നില്ല. എപ്പോഴാണ് അവർ അവസാനമായി എന്തെങ്കിലും നേടിയത്? അവർക്കുള്ള എല്ലാ കഴിവുകളും ഉപയോഗിച്ച് കൂടുതൽ നേട്ടങ്ങൾ കൈവരിക്കേണ്ടതായിരുന്നു,” ഫോക്സ് സ്പോർട്സ് പാനൽ ചർച്ചയിൽ വോൺ പറഞ്ഞു. ഈ പരാമർശം വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെ വോണിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് ഇന്ത്യയുടെ സ്റ്റാർ ഓഫ് സ്പിന്നർ ആർ അശ്വിൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. “അതെ, വർഷങ്ങളായി ഞങ്ങൾ ഐസിസി ട്രോഫികൾ നേടിയിട്ടില്ല. ക്രിക്കറ്റിലെ ശക്തികേന്ദ്രങ്ങളെന്ന് ഞങ്ങൾ സ്വയം വിളിക്കാറുമുണ്ട്. എന്നാൽ സമീപകാലത്തെ മികച്ച ക്രിക്കറ്റ് ടീമുകളിലൊന്നാണ് ഞങ്ങളുടെ ടെസ്റ്റ് ടീം. നിരവധി മികച്ച ഫലങ്ങൾ ഞങ്ങൾ നേടിയിട്ടുണ്ട്,” അശ്വിൻ പറഞ്ഞു.
“ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത്, ഞങ്ങൾ എല്ലാ മുക്കിലും മൂലയിലും ക്രിക്കറ്റ് സംസാരിക്കുകയും, ഈ കായിക വിനോദത്തെ ഒരു മതമായി കണക്കാക്കുകയും ചെയ്യുന്നു. നമ്മൾ ഇപ്പോൾ വളരെയധികം വിമർശിക്കുകയും അനാവശ്യ വിശദാംശങ്ങളിലേക്ക് പ്രവേശിക്കുകയുമാണ്. ക്രിക്കറ്റിൽ പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റ്, സൂക്ഷ്മതകളുടെ കളിയാണ്. ചെറിയ വിശദാംശങ്ങൾക്ക് ഫലങ്ങൾ നിർണ്ണയിക്കാൻ കഴിയും,” അശ്വിൻ കൂട്ടിച്ചേർത്തു.
“ഇത് ഇപ്പോഴും ഒരു കായിക വിനോദമാണ് എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത്. നല്ല മാനസിക ദൃഢതയും, മാനസിക നൈപുണ്യവും, നിലവാരമുള്ള ക്രിക്കറ്റ് ടീമിന് അവർ എവിടെയായിരുന്നാലും തിരിച്ചുവരാൻ കഴിയുമെന്നതാണ് വസ്തുത. ഈ ഇന്ത്യൻ ടീം അത് വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്. അതെ, ഞങ്ങൾ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾ തോറ്റു. ഞാൻ അത് പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്നു. എന്നാൽ ടെസ്റ്റ് പരമ്പരയുടെ കാര്യത്തിൽ ഒരു തിരിച്ചുവരവ് എല്ലായ്പ്പോഴും സാധ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Read More