കഴിഞ്ഞ വ്യാഴാഴ്ച ദേശീയ ഗുസ്തി ഫെഡറേഷൻ ( WFI) ഭരണസമിതിയുടെ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പുതിയ പ്രസിഡന്റ് സഞ്ജയ് സിങ്ങിനോട് ഒരു ആഗ്രഹം മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് ആവശ്യപ്പെട്ടിരുന്നു. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് അണ്ടർ 15, അണ്ടർ 20 കാറ്റഗറികളിലെ ദേശീയ ചാമ്പ്യൻഷിപ്പ് തന്റെ വീട്ടുമുറ്റത്ത് നടത്തണമെന്നായിരുന്നു എംപിയുടെ ആവശ്യം.
മിനിറ്റുകൾക്കകം തന്നെ സഞ്ജയ് സിങ് ഉത്തരവിറക്കി. ഡിസംബർ 28 മുതൽ 30 വരെ ബ്രിജ് ഭൂഷണിന്റെ ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള വസതിയുടെ പിൻവശത്താണ് വേദിയായി തിരഞ്ഞെടുത്തത്. സംഘടനയിൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രേം ചന്ദ് ലോചാബ് ഈ തീരുമാനത്തിൽ അസ്വസ്ഥനായിരുന്നു. ഒരു നോട്ടീസ് പോലും പുറപ്പെടുവിക്കാതെയും, എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങ് പോലും വിളിക്കാതെയും ഇത്തരമൊരു തീരുമാനം എടുത്തതിനെതിരെ അദ്ദേഹം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് പരാതി നൽകുകയായിരുന്നു.
“ജനറൽ സെക്രട്ടറിയെ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ നിർബന്ധമായും കൂടിയാലോചിക്കേണ്ടതുണ്ട്. അത്തരമൊരു രീതി നിലവിലുണ്ട്. അത് ലംഘിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഇത് സംഭവിച്ചു. അതിനാൽ ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ ജനറൽ സെക്രട്ടറിയാണ് നടപടിയെടുത്തത്,” വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. റെയിൽവേ സ്‌പോർട്‌സ് പ്രൊമോഷൻ ബോർഡിന്റെ സെക്രട്ടറി കൂടയായ ലോചബ്, തന്റെ കത്തിൽ പുതിയ ഭരണസമിതിയുടെ ഭരണഘടനാ ലംഘനവും നടപടിക്രമങ്ങളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി.
ഞായറാഴ്ചയാണ് കായികമന്ത്രാലയം പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ സസ്പെൻഡ് ചെയ്തത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി മുൻ ഭാരവാഹികളുടെ പൂർണ നിയന്ത്രണത്തിലാണെന്ന് വിമർശിച്ചാണ് കായിക മന്ത്രാലയത്തിന്റെ ഈ നടപടി. മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത സഹായിയായ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഗുസ്തി ഫെഡറേഷന്റെ കമ്മിറ്റി ‘നിയമപരവും നടപടിക്രമപരവുമായ മാനദണ്ഡങ്ങൾ ലംഘിച്ചു’ എന്ന് കായിക മന്ത്രാലയം വിമർശിച്ചു. ഗുസ്തി ഫെഡറേഷന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ കായിക മന്ത്രാലയം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിജെപി എം പിയായ ബ്രിജ് ഭൂഷന്റെയും സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പാനൽ, വിവാദപരമായ സാഹചര്യങ്ങളിൽ വളരെ വൈകി തിരഞ്ഞെടുപ്പ് നടത്തിയ ശേഷം ഫെഡറേഷന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഇതിന് പിന്നാലെ സഞ്ജയ് സിങ് ബ്രിജ് ഭൂഷന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
“ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നടത്തുന്നത് മുൻ ഭാരവാഹികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ നിന്നാണ്. ഗുസ്തി താരങ്ങൾ ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്നതും കോടതി വാദം കേൾക്കുന്നതും ഈ സ്ഥലത്താണ്” ക്രമീകരണത്തിനെതിരെ സ്പോർട്സ് മന്ത്രാലയം ആഞ്ഞടിച്ചു. ഇതുകൂടാതെ അണ്ടർ 15, അണ്ടർ 20 ദേശീയ ചാമ്പ്യൻഷിപ്പുകൾ ബ്രിജ് ഭൂഷന്റെ വീട്ടുമുറ്റമായ ഗോണ്ടയിൽ നടത്താനുള്ള സഞ്ജയ് സിംഗിന്റെ തീരുമാനവും മന്ത്രാലയത്തെ ചൊടിപ്പിച്ചു. “പ്രസ്തുത ദേശീയ മത്സരങ്ങളിൽ പങ്കെടുക്കേണ്ട ഗുസ്തി താരങ്ങൾക്ക് മതിയായ അറിയിപ്പ് നൽകാതെയും, ഡബ്ല്യുഎഫ്‌ഐയുടെ ഭരണഘടനയിലെ വ്യവസ്ഥകൾ പാലിക്കാതെയുമുള്ള ഈ പ്രഖ്യാപനം തിടുക്കത്തിലുള്ളതാണ്,” കായികമന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
“ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് തുടരുന്ന സ്വേച്ഛാധിപത്യ പ്രവണതകൾ, സദ്ഭരണത്തിന്റെ സ്ഥിരതയാർന്ന തത്വങ്ങൾക്ക് വിരുദ്ധവും സുതാര്യതയും ശരിയായ നടപടിക്രമവും ഇല്ലാത്തതുമാണ്. ന്യായമായ ഗുസ്തി മത്സരങ്ങളുടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് ഭരണ മാനദണ്ഡങ്ങൾ പാലിക്കുന്നത് അത്യന്താപേക്ഷിതമാണ്. കായിക താരങ്ങൾ, പങ്കാളികൾ, പൊതുജനങ്ങൾ എന്നിവർക്കിടയിൽ വിശ്വാസം വളർത്തിയെടുക്കാൻ ഇവ നിർണായകമാണ്,” കായികമന്ത്രാലയം വിമർശിച്ചു.
സഞ്ജയ് സിംഗിന്റെ നിയമനത്തെ എതിർത്ത് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവർ രംഗത്തെത്തിയിരുന്നു. പ്രതിഷേധ സൂചകമായി സാക്ഷി വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ, ബജ്‌റംഗ് തന്റെ പത്മശ്രീ പുരസ്‌കാരം തിരികെ നൽകി.
Read More Related News Stories:
- Covid: സിംഗപ്പൂരിൽ അരലക്ഷം കടന്ന് കോവിഡ് രോഗികൾ; അമേരിക്കയിൽ 23,432 പേർ ആശുപത്രിയിൽ
- ഗവർണർ കാണിക്കുന്നത് കേരളത്തോടുള്ള വിരോധം, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയക്കും: മുഖ്യമന്ത്രി
- 81 കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവം, നാല് പേർ അറസ്റ്റിൽ
- സോഷ്യൽ മീഡിയയിലെ ‘വിപ്ലവകാരി’യോ, മൃദുഭാഷിയായ മാഷോ?; അറിയാം, പാർലമെന്റ് പ്രതിഷേധത്തിന്റെ ‘സൂത്രധാരൻ’ ലളിത് ഝായെ