കായികരംഗത്ത് നിന്ന് വിരമിച്ചതായി പ്രഖ്യപിച്ച് ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്. റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റായി സഞ്ജയ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിക്ഷേതിച്ചാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ പ്രതിയായ ബിജെപി എംപി ബ്രിജ് ഭൂഷൺ സിംഗിന്റെ സഹായിയാണ് സഞ്ജയ് സിംഗ്. ആരോപണവിധേയനായ എംപിയുടെ സഹായിയെ ഫെഡറേഷൻ തലവനായി തിരഞ്ഞെടുത്തതാണ് ഗുസ്തി താരത്തെ ചൊടിപ്പിച്ചത്.
മാധ്യമങ്ങൾക്ക് മുൻപിൽ പെട്ടിക്കരഞ്ഞ സാക്ഷി, പ്രതിഷേധത്തിൽ താരങ്ങൾക്ക് അനുകൂലമായി കേന്ദ്രം നൽകിയ വാഗ്ദാനങ്ങളൊന്നും പലിച്ചില്ലെന്നും, തങ്ങൾ സർക്കാരിനെ പൂർണ്ണമായി വിശ്വസിച്ചിരുന്നു എന്നും പറഞ്ഞു. “ഞങ്ങൾ ഈ യുദ്ധം ചെയ്തത് ഞങ്ങളുടെ ഹൃദയംകൊണ്ടാണ്. 40 ദിവസം ഞങ്ങൾ റോഡിൽ ഉറങ്ങി, പ്രതിഷേധങ്ങളിൽ ഞങ്ങളെ പിന്തുണച്ച രാജ്യത്തെ എല്ലവർക്കും നന്ദി. ബ്രിജ് ഭൂഷൺ സിങ്ങിന്റെ ബിസിനസ്സ് പങ്കാളിയും അടുത്ത സഹായിയുമായ സഞ്ജയ് സിംഗ് ഡബ്ല്യുഎഫ്‌ഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ, ഞാൻ ഗുസ്തി ഉപേക്ഷിക്കും,” ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ സാക്ഷി മാലിക് മാധ്യമങ്ങളോട് പറഞ്ഞു.
ബ്രിജ് ഭൂഷൺ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഈ വർഷം ആദ്യം തലസ്ഥാനത്ത് ഗുസ്തി താരങ്ങൾ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും, ബജ്‌റംഗ് പുനിയയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സഞ്ജയ് സിംഗ്, സംഘടനാ തലവനായി തിരഞ്ഞെടുക്കപ്പെട്ടാൽ വനിതാ താരങ്ങൾക്ക് നേരെ ഇനിയും അക്രമം ഉണ്ടാകുമെന്ന്, വിനേഷ് ഫോഗട്ട് പറഞ്ഞു.