കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ മുൻനിര ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ നെടുന്തൂണും നായകനുമാണ് ഉറുഗ്വേ താരമായ അഡ്രിയാൻ ലൂണ. ടൂർണമെന്റ് പാതിവഴിയിലെത്തി നിൽക്കെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നൽകിക്കൊണ്ട് ലൂണയ്ക്ക് പരിക്കേറ്റിരിക്കുകയാണ്. താരത്തിന് ആർത്രോസ്കോപ്പിക് ശസ്ത്രക്രിയ വിജയകരമായി നടത്തിയെന്നും, പൂർണ്ണമായ ശാരീരിക ക്ഷമതയ്‌ക്കായി അദ്ദേഹം ഇപ്പോൾ വിശ്രമത്തിന്റെയും വീണ്ടെടുക്കലിന്റെയും പാതയിലാണെന്നും ഡിസംബർ 16ന് ക്ലബ്ബ് അറിയിച്ചിരുന്നു.
എന്നാലിപ്പോൾ പരിക്കിനെ കുറിച്ചും തന്റെ മാനസികാവസ്ഥയെക്കുറിച്ചും ആരാധകരോട് സോഷ്യൽ മീഡിയയിലൂടെ മനസ് തുറന്നിരിക്കുകയാണ് മഞ്ഞപ്പടയുടെ നായകൻ. “പരിശീലനത്തിനിടെ എനിക്ക് പരിക്കേൽക്കുകയും കാൽമുട്ടുകളിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഞാൻ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. എന്നത്തേക്കാളും ശക്തനായി തിരിച്ചുവരുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്. എല്ലാ പരിചരണങ്ങൾക്കും ക്ലബ്ബിനും മെഡിക്കൽ ടീമിനും നന്ദി,” ലൂണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച ലൂണ, സഹതാരങ്ങൾക്ക് ആശംസകളും നേർന്നു.
ലൂണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണരൂപം:
“എല്ലാവർക്കും ഹായ്, എന്റെ സമീപകാല യാത്രയെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ ഒരു നിമിഷം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ, പരിശീലനത്തിനിടെ എനിക്ക് പരിക്കേൽക്കുകയും കാൽമുട്ടുകളിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഞാൻ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. എന്നത്തേക്കാളും ശക്തനായി തിരിച്ചുവരുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്. എല്ലാ പരിചരണത്തിനും ക്ലബ്ബിനും മെഡിക്കൽ ടീമിനും നന്ദി.
ആരാധകർക്ക്, നിങ്ങളുടെ എല്ലാവരുടെയും അചഞ്ചലമായ പിന്തുണ എനിക്ക് ഈ ലോകത്തെ അർത്ഥവത്താക്കി മാറ്റിയിരിക്കുന്നു. നിങ്ങളോരോരുത്തരോടും ഞാൻ ആത്മാർത്ഥമായി നന്ദിയുള്ളവനാണ്. എനിക്ക് പരിശീലനത്തിലേക്കും മത്സരത്തിലേക്കും മടങ്ങാൻ കഴിയുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്. അവസാനമായി കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ ബോയ്സിന് എല്ലാ ആശംസകളും നേരുന്നു. പോരാട്ട വീര്യം തുടരുക. ഉടൻ കാണാം,” ലൂണ കുറിച്ചു.
ഉറുഗ്വേ താരം ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കൽ വിദഗ്ധരുടെ സംഘവുമായി സഹകരിച്ചു വരികയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മെഡിക്കൽ സ്റ്റാഫ് അഡ്രിയാൻ ലൂണയെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ക്ലബ്ബ് അറിയിച്ചു. താരം ഉടനെ നാട്ടിലേക്ക് മടങ്ങുമോയെന്ന് വ്യക്തമല്ല.
Read More Sports Stories Here
- ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി; വിവരങ്ങൾ പുറത്തുവിട്ട് ബ്ലാസ്റ്റേഴ്സ്
- മെസ്സിയുടെ ലോകകപ്പ് ടീഷർട്ടുകൾ റെക്കോർഡ് വിലയ്ക്ക് വിറ്റുപോയി; ലേലത്തിന്റെ വിശദാംശങ്ങൾ അറിയാം
- IPL 2024: നായകന്റെ കുപ്പായത്തിൽ ഹിറ്റ്മാൻ്റെ പൈതൃകം തുടരാൻ പാണ്ഡ്യയ്ക്ക് സാധിക്കുമോ?
- സച്ചിന്റെ പത്തിനൊപ്പം ധോണിയുടെ ഏഴാം നമ്പറും ഇനി മൈതാനത്തുണ്ടാകില്ല
- പ്രായം തളർത്താത്ത പോരാളി; റൊണാൾഡോ ഫാൻസിനൊരു ഹാപ്പി ന്യൂസ്
- ഐപിഎൽ താരലേലത്തിന് ഇനി വെറും ഏഴ് നാളുകൾ കൂടി; പട്ടികയിൽ വമ്പൻ സ്രാവുകൾ